അനുരഞ്ജന നീക്കം പാളി; പുരോഹിത സമിതി യോഗത്തില്‍ സംഘര്‍ഷം

Sunday 25 March 2018 3:00 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പുരോഹിത സമിതി യോഗത്തിനിടെ സംഘര്‍ഷം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമാണ് ഏറ്റുമുട്ടിയത്. ഭൂമി ഇടപാട് നീക്കത്തില്‍ വിവിധ സഭകള്‍ നടത്തിയ അനുരഞ്ജന നീക്കം ഇതോടെ പാളി. 

ക്രൈസ്തവ സഭയിലെ അഴിമതി ഇല്ലാതാക്കാനായി പരിശ്രമിക്കുന്ന ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി എന്ന സംഘടനാ പ്രതിനിധികളെയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധികള്‍ കയറിയതാണ് സംഘര്‍ഷത്തിന്റെ തുടക്കം. യോഗത്തില്‍ നിന്ന് ഇവരെ പുറത്താക്കിയതോടെ രംഗം കൂടുതല്‍ വഷളായി. യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞു തമ്മിലടിച്ചു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് ബിഷപ്പ് ഹൗസില്‍ പുരോഹിത സമിതിയോഗം ചേര്‍ന്നത്. 48 പുരോഹിതര്‍ എത്തിയിരുന്നു. യോഗത്തില്‍ കര്‍ദ്ദിനാള്‍ മാപ്പ് പറയുമെന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ നഷ്ടം നികത്തുമെന്ന് പ്രഖ്യാപിക്കുമെന്നും വിശ്വാസികള്‍ കരുതിയിരുന്നു. എന്നാല്‍, കര്‍ദ്ദിനാള്‍ തന്നെ അതില്‍ നിന്ന് ഒഴിഞ്ഞുമാറി. ആരോടും പരിഭവമില്ലെന്ന് മാത്രമാണ് കര്‍ദ്ദിനാള്‍ പറഞ്ഞതെന്നും കൂടുതല്‍ നേരം സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും പുരോഹിതരില്‍ ചിലര്‍ കുറ്റപ്പെടുത്തി.

പിന്‍വാതിലിലൂടെയാണ് കര്‍ദ്ദിനാള്‍ എത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ കര്‍ദ്ദിനാളിനെ തടയാനായി ചിലര്‍  പുറത്ത് കാത്തുനിന്നിരുന്നു. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കര്‍ദ്ദിനാള്‍ സ്ഥാനം ഒഴിയുക, പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുക, സഭയ്ക്കുണ്ടായ നഷ്ടം നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ഇത് സംഘര്‍ഷത്തിന് കാരണായി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗ്ഗീസ് കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കര്‍ദ്ദിനാളിനെതിരെ പോലീസ് അന്വേഷണം നടത്തണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും  ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനുരഞ്ജന ശ്രമങ്ങള്‍ നടന്നത്. എന്നാല്‍, സംഘര്‍ഷമുണ്ടായതോടെ ഭൂമി ഇടപാട് കേസ് പുതിയ വഴിത്തിരിവിലായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.