പേരാമ്പ്ര ഇരട്ട കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 22 വര്‍ഷം കഠിന തടവും

Sunday 25 March 2018 3:00 am IST
"undefined"

വടകര: പേരാമ്പ്ര ഇരട്ടകൊലക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, 22 വര്‍ഷം കഠിന തടവും, 70000 രൂപ പിഴയും. വടകര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പേരാമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെ വെട്ടിക്കൊന്ന കേസില്‍ പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരികുന്നുമ്മല്‍ ചന്ദ്ര (58) നെയാണ് ജഡജി എം.വി. രാജകുമാര ശിക്ഷിച്ചത്. 

പ്രതി വീട് കൈയ്യേറിയതിന് അഞ്ചു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും, ആഭരണം കവര്‍ച്ച ചെയ്തതിന് പത്തു വര്‍ഷം കഠിന തടവും, 10000 രൂപ പിഴയും, അക്രമം തടയാനെത്തിയ അജില്‍ സന്തോഷിനെ (20)വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ ഏഴ് വര്‍ഷം കഠിന തടവും, 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. ബാലനേയും, ശാന്തയേയും വെട്ടിക്കൊന്നതിന് ഇരട്ട ജീവപര്യന്തവും, 25000 രൂപാ വീതം പിഴയും അടയ്ക്കണം. 22 വര്‍ഷത്തെ കഠിന തടവ് അവസാനിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതി പുറത്തിറങ്ങാതിരിക്കാന്‍ ആദ്യം 22 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ച ശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളൂവെന്ന അസാധാരണ സ്വഭാവമുള്ള വിധകൂടിയാണിത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2015 ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കടം നല്‍കാത്തതിനെത്തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് കേസ്. കൊലക്കിടെ ബഹളം കേട്ട് എത്തിയ  അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ത്ഥി കൊല്ലിയില്‍ അജില്‍ സന്തോഷിനും വെട്ടേറ്റിരുന്നു. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന്‍ വെട്ടേറ്റ് മരിച്ചത്. ഈ മുറിയിലേക്കുള്ള ഇട നാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്.  വളകളും, സ്വര്‍ണ്ണ മാലയും അഴിച്ചെടുത്ത്  പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട്  പ്രതിയുടെ വീടിന്റെ പിന്നില്‍ കൂട്ടിയിട്ട മരക്കഷണങ്ങള്‍ക്കിടയില്‍ നിന്നും കൊടുവാളും, സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും, സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവിന്റെയും, ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 

ഐപിസി 449, 302, 392, 397 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അശോകനും, ടി. ഷാജിയും പ്രതിഭാഗത്തിന് വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന്‍ അഡ്വ. അബ്ദുള്ള മണപ്രത്തുമാണ് ഹാജരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.