മാപ്പിരന്ന് മക്കളെത്തി, ആ അമ്മയ്ക്ക് ശാന്തികവാടത്തില്‍ ചിതയൊരുക്കി

Sunday 25 March 2018 3:10 am IST

വിളപ്പില്‍: ഒടുവില്‍ മാപ്പിരന്ന് അച്ഛനരികില്‍ മക്കളെത്തി. ആ അമ്മയ്ക്ക് ശാന്തികവാടത്തില്‍ അച്ഛനും മക്കളും ചേര്‍ന്ന് ചിതയൊരുക്കി. വ്യാഴാഴ്ച അന്തരിച്ച വിളപ്പില്‍ശാല കൊല്ലംകോണം ലക്ഷ്മീനാരായണഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഓമന(70)യുടെ മരണമറിഞ്ഞിട്ടും അന്ത്യകര്‍മങ്ങള്‍ ചെയ്ത് സംസ്‌കരിക്കാന്‍ മക്കളാരും എത്തിയിരുന്നില്ല. ഇതോടെ ഓമനയുടെ ഭര്‍ത്താവ് റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പരമേശ്വരന്‍ ഭാര്യയുടെ മൃതദേഹം മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി അനാട്ടമിലാബിനു വിട്ടുനല്‍കി. 

നാട്ടിന്‍പുറങ്ങളില്‍ യാദൃച്ഛികമായിപോലും കാണാനാകാത്ത ഈ അപൂര്‍വതയിലേക്ക് പരമേശ്വരനെ തള്ളിവിട്ടത് മരണമറിഞ്ഞിട്ടും പോറ്റിവളര്‍ത്തിയ മക്കള്‍ എത്താത്തതിലുളള ഹൃദയവേദന. നൊന്തുപെറ്റ അമ്മയുടെ മരണത്തിനുപോലും പത്തു വര്‍ഷമായി മാതാപിതാക്കളെ ഉപേക്ഷിച്ച ആ മക്കളുടെ മനസ്സലിയിക്കാനായില്ലെന്ന തിരിച്ചറിവാണ് ആ അച്ഛനെ തകര്‍ത്തത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ  കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമന മരിച്ചത്. ഭാര്യയുടെ ചേതനയറ്റ ശരീരവുമായി പരമേശ്വരന്‍ രാത്രി വൈകുവോളം കാത്തിരുന്നിട്ടും മക്കളെത്തിയില്ല. ഒടുവില്‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത പരമേശ്വരന്‍ ഗത്യന്തരമില്ലാതെ ഭാര്യയുടെ മൃതദേഹം മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികളുടെ പഠനത്തിന് നല്‍കി മടങ്ങുകയായിരുന്നു. 

മരണമറിഞ്ഞിട്ടും മക്കളെത്തിയില്ലെന്ന തലക്കെട്ടില്‍ 'ജന്മഭൂമി' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കി. സംഭവം വിവാദമായതോടെ ഇവരുടെ മക്കള്‍ മെഡിക്കല്‍ കോളേജിലെത്തി. തര്‍ക്കമുണ്ടായ സ്ഥിതിക്ക് മൃതദേഹം വിട്ടുനല്‍കണമെങ്കില്‍ അച്ഛനും മക്കളും ഒരുമിച്ച് പോലീസ് റിപ്പോര്‍ട്ടുമായി എത്താന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇവര്‍ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലെത്തി. പരമേശ്വരനും മക്കളുമായി വിളപ്പില്‍ശാല എസ്‌ഐ കണ്ണന്‍ നടത്തിയ ചര്‍ച്ചയില്‍ അമ്മയുടെ മൃതദേഹം ഏറ്റെടുത്ത് ശാന്തികവാടത്തില്‍ ആചാരപ്രകാരം സംസ്‌കരിക്കാന്‍ ധാരണയായി. 

ഇന്നലെ വൈകിട്ട് ആറുമണിയോടെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഓമനയുടെ വിറങ്ങലിച്ച ശരീരം മക്കളും ഭര്‍ത്താവ് പരമേശ്വരനും ചേര്‍ന്ന് ഏറ്റുവാങ്ങി. വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് സംസ്‌കരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.