ജീവാത്മാവ് എങ്ങനെ സംസാരത്തിൽ കുടുങ്ങുന്നു

Sunday 25 March 2018 3:15 am IST

സത്വം, രജസ്സ്, തമസ്സ്-ഈ മൂന്നു ഗുണങ്ങള്‍ ഭഗവാന്റെ-പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണ്. മൂന്നുഗുണങ്ങള്‍ ഉണ്ടായി എന്നാണ് പറയുന്നതെങ്കിലും അവ പ്രകൃതിയില്‍നിന്ന് ഒരിക്കലും വേറിട്ട് നില്‍ക്കുന്നില്ല. പ്രകൃതിയുടെ മൂന്ന് അവസ്ഥകളാണ്. ഈ മൂന്നു ഗുണങ്ങള്‍ സമമായി നില്‍ക്കുന്ന അവസ്ഥയ്ക്കാണ് പ്രകൃതി എന്ന് പറയുന്നത്.

ദേഹേ അവ്യയം ദേഹിനം നിബധ്‌നന്തി 

ആ ഗുണങ്ങള്‍ പ്രകൃതിയുടെ നിര്‍മ്മിതിയായ ദേഹത്തില്‍ പ്രവേശിക്കപ്പെട്ട ജീവനെ സംസാരത്തില്‍ കുടുക്കുന്നു. വാസ്തവത്തില്‍ ദേഹി-ജീവന്‍ 'അവ്യയന്‍' ആണ്. ഭഗവാന്റെ അംശമാകയാല്‍ ഭഗവദ്ഗുണങ്ങള്‍ എല്ലാ കുറഞ്ഞ അളവിലുണ്ട്. എങ്കിലും ത്രിഗുണങ്ങളുടെ കുടുക്കില്‍ ഉള്‍പ്പെട്ടുപോകുന്നു-ദേഹാഭിമാനം-ഈ ദേഹം തന്നെയാണ് ഞാന്‍ എന്ന ഭാവം ഉണ്ടാകുന്നു. മായയുടെ ബലം അപാരം തന്നെ! ''മമ മായ ദുരത്യയാ'' എന്നു ഭഗവാന്‍ പ്രഖ്യാപിക്കുന്നു.

സത്വഗുണം പരമപദ പ്രാപ്തിക്കു സഹായിക്കുന്നതാകയാല്‍ അതിന് ആദ്യസ്ഥാനവും ലൗകിക പ്രവര്‍ത്തനത്തിനു സഹായിക്കുന്നതുകൊണ്ട് രജോഗുണത്തിന് രണ്ടാം സ്ഥാനവും നല്‍കി.  പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നതുകൊണ്ട് തമോഗുണത്തിന് മൂന്നാംസ്ഥാനമേ കിട്ടിയുള്ളൂ. ജഗത്ത് മുഴുവന്‍ അകത്തും പുറത്തും ഈ ത്രിഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.

ജീവാത്മാവിന്റെ അജ്ഞാനാവസ്ഥയില്‍ മാത്രമേ ഈ ത്രിഗുണങ്ങള്‍ക്ക് ജീവനെ ഭൗതികതയുമായി ബന്ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. സൂര്യന്‍ ഉദിക്കുന്ന നിമിഷം തന്നെ ഇരുട്ടുപിന്മാറുന്നു. ഇടവേള ഒട്ടുമില്ല. അതുപോലെ, ഭഗവത്തത്ത്വം ജീവാത്മാവിന്റെ മനസ്സില്‍ ഉയരുമ്പോള്‍ തന്നെ മായാകാര്യങ്ങളായ ഈ ത്രിഗുണങ്ങളും പിന്മാറുന്നു.

വാസ്തവത്തില്‍ ജീവന്റെ ജ്ഞാനം സ്വതഃസിദ്ധമാണ്. അത് അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ല. ത്രിഗുണങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് ആ ജ്ഞാനം സങ്കോചിക്കുകയേ ചെയ്യുന്നുള്ളൂ; പകല്‍ സമയത്തെ മിന്നാംമിന്നിയുടെ പ്രകാശംപോലെയായിത്തീരുന്നതേയുള്ളൂ. അതുകൊണ്ട് തന്റെ ദേഹത്തിലും മറ്റുവസ്തുക്കളിലും ജീവാത്മാവ്, താന്‍ തന്റേത് എന്നഭാവം കൈക്കൊള്ളുന്നു. സത്വഗുണത്തിന്റെ സന്തതിയായ-സര്‍വഭൂതദയ-എന്ന സത്സ്വഭാവം പോലും ജീവനെ വഴിതെറ്റിക്കുന്നു. 

ഭാഗവതത്തിലെ ഭരതരാജാവ്

അദ്ദേഹം അങ്ങനെ വഴിതെറ്റിപ്പോയ വ്യക്തിയാണ്. പുഴയിലൂടെ ഒഴുകി ഒഴുകി മരണമടയാന്‍ തുടങ്ങിയ മാന്‍കുട്ടിയെ, രാജാവായ ഞാന്‍ രക്ഷിക്കേണ്ടതല്ലേ; വളര്‍േത്തണ്ടതല്ലേ? ഇതും തന്റെ പ്രജയല്ലേ-എന്ന സാത്വികഭാവം അനുസരിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് വീണ്ടും കണ്ട ജന്മങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. ഇത്തരത്തിലാണ് ത്രിഗുണങ്ങള്‍ ജീവനെ ബന്ധനത്തില്‍ കുടുക്കുന്നത്. അതുകൊണ്ട് സത്വഗുണത്തിനുപോലും പിടികൊടുക്കാതെ എപ്പോഴും ഭഗവാനില്‍ത്തന്നെ മനസ്സുറപ്പിക്കണം എന്ന്  നമ്മെ പഠിപ്പിക്കുവാനാണ് ഈ പതിനാലാം അധ്യായം ഭഗവാന്‍ അരുളിചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.