പോലീസിനെതിരെ വ്യാപക പ്രതിഷേധം

Sunday 25 March 2018 2:00 am IST

 

 

മുഹമ്മ: വാഹന പരിശോധനക്കിടെ ഹൈവേ പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍  ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മാര്‍ച്ച് 11ന് ദേശീയ പാതയില്‍ എസ്എല്‍ പുരം പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് വെളിയില്‍ വിച്ചു സംഭവ സ്ഥലത്തും പരിക്കേറ്റ് ചികിത്സയിലായിരുന്ന കഞ്ഞിക്കുഴി കൂത്തക്കരച്ചിറയില്‍ ഷേബുവിന്റെ ഭാര്യ സുമി ശനിയാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. 

  ഷേബുവും കുടുംബവും കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിന്നും മടങ്ങുംവഴിയാണ് പോലീസ് വാഹനപരിശോധനക്കിടെ കൈകാണിച്ചത്. നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നെത്തി ജീപ്പ് വട്ടമിടുന്നതിനിടെ ബൈക്ക് റോഡരികിലേയ്ക്ക് വെട്ടിച്ചപ്പോഴാണ് മറ്റൊരു ബൈക്കിടിച്ചതെന്നാണ് പരിക്കേറ്റ ഷേബു നല്‍കിയിരിക്കുന്ന മൊഴി. 

 അപകടത്തില്‍ ചെത്തു തൊഴിലാളിയായ ഷേബുവിനും മക്കള്‍ക്കും പരിക്കേറ്റിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. 

 പോലീസ് അധികാരികളാകട്ടെ പ്രശ്‌നത്തെ ലഘൂകരിച്ച് കാണുകയാണെന്നും വിമര്‍ശനം ഉയരുന്നു. വാഹന പരിശോധന സംബന്ധിച്ച് ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പോലും ഇവിടെ ലംഘിക്കപ്പെട്ടു. രണ്ടു ജീവനുകള്‍ പൊലിയുകയും, കുട്ടികള്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.