തന്ത്രം പിഴക്കാതെ ഷാ; പ്രതിപക്ഷത്തിന് ഞെട്ടൽ

Sunday 25 March 2018 3:20 am IST
"undefined"

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ജയം ഉറപ്പുള്ള എട്ട് സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥി മതിയെന്നായിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം. സമാജ്‌വാദി പാര്‍ട്ടിയുടെ ആറ് രാജ്യസഭാ അംഗങ്ങളുടെ കാലാവധിയാണ് അവസാനിച്ചിരുന്നത്. അവര്‍ക്ക് ജയിപ്പിക്കാന്‍ സാധിക്കുക ഒരാളെ മാത്രവും. 

ജയാ ബച്ചനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നു. അസംതൃപ്തി തിരിച്ചറിഞ്ഞതോടെയാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളുമായി ബിജെപി രംഗത്തെത്തിയത്. ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അഖിലേഷ് യാദവിന്റെ വിശ്വസ്തനും മുന്‍ രാജ്യസഭാ എംപിയുമായ നരേഷ് അഗര്‍വാള്‍ ബിജെപിയിലെത്തി. മകനും എസ്പി എംഎല്‍എയുമായ നിതിന്‍ അഗര്‍വാള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഒന്‍പതാമത്തെ സ്ഥാനാര്‍ത്ഥിയായി അനില്‍ അഗര്‍വാളിനെ പ്രഖ്യാപിച്ചു. 

സ്വന്തം വോട്ടുകള്‍ക്ക് പുറമെ എസ്പിയുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ടുകള്‍ കൂടി ചേര്‍ത്ത് ഒരു സീറ്റില്‍ ജയിക്കാമെന്നതായിരുന്നു ബിഎസ്പിയുടെ മോഹം. ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോകസ്ഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്പിയെ ബിഎസ്പി പിന്തുണച്ചത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ച് സഹായിക്കാമെന്ന ഉറപ്പിലാണ്. സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചയുടെ സൂചനകള്‍ ബിഎസ്പി അധ്യക്ഷ മായാവതിക്ക് നേരത്തെ ലഭിച്ചിരുന്നു. കുടുംബാംഗങ്ങളെ ഉപയോഗിച്ച് സമ്മര്‍ദ്ദമുണ്ടാക്കാന്‍ മായാവതി ശ്രമിച്ചിട്ടും എംഎല്‍എ അനില്‍ സിംഗ് ബിജെപിക്ക് വോട്ടുചെയ്തു. ബിഎസ്പിക്ക് 32 വോട്ടും ബിജെപിക്ക് 16 വോട്ടും ലഭിച്ചു. രണ്ടാം മുന്‍ഗണനാ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി ജയിച്ചു. പത്തില്‍ ഒമ്പത് സീറ്റും നേടിയ ബിജെപിയുടെ മുന്നേറ്റം പ്രതിപക്ഷത്തിന് അപ്രതീക്ഷിത പ്രഹരമായി.

മാറുന്നു, രാജ്യസഭാ തെരഞ്ഞെടുപ്പും 

അമിത് ഷായുടെ പിഴക്കാത്ത തന്ത്രത്തിന്റെ ഞെട്ടലിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. നേരത്തെ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവായതിനാല്‍ നടന്നില്ല. യുപിയില്‍ എല്ലാം ഭദ്രമാക്കി വിജയത്തിലെത്തിക്കാന്‍ സാധിച്ചു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി തോല്‍പ്പിച്ച എസ്പിയോടും ബിഎസ്പിയോടുമുള്ള മധുരപ്രതികാരം കൂടിയാണ് ബിജെപിക്ക് വിജയം. 

നഷ്ടക്കച്ചവടം മാത്രമുണ്ടാക്കിയ സഖ്യം തുടരുന്നത് ബിഎസ്പി പുനരാലോചിക്കുമെന്നും സൂചനയുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മറികടക്കാനും അമിത് ഷാക്കും സംഘത്തിനും സാധിച്ചു. 

രാജ്യസഭാ തെരഞ്ഞെടുപ്പും മറ്റ് തെരഞ്ഞെടുപ്പുകള്‍ പോലെ ശക്തമായ രാഷ്ട്രീയപ്പോരാട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ചിത്രം കൂടിയാണ് ഇത്തവണത്തെ ഫലം. കര്‍ണാടകയില്‍ ആറ് ജനതാദള്‍ എസ് അംഗങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തു. ജയം ഉറപ്പുള്ള സീറ്റുകള്‍ക്കുമപ്പുറം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതും ക്രോസ് വോട്ടുകള്‍ വര്‍ദ്ധിക്കുന്നതും രാജ്യസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് പരീക്ഷണമാക്കുന്നു.

അനിൽ സിങ്ങിനെ സസ്പെൻഡ് ചെയ്തു

ലക്‌നൗ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അനില്‍ അഗര്‍വാളിന് വോട്ട് ചെയ്ത ബിഎസ്പി എംഎല്‍എ അനില്‍ സിങ്ങിനെ പാര്‍ട്ടി അധ്യക്ഷ മായാവതി സസ്‌പെന്‍ഡ് ചെയ്തു. എസ്പി-ബിഎസ്പി സഖ്യം തകര്‍ക്കാന്‍ അമിത്ഷാ കുതന്ത്രം പയറ്റിയെന്ന് അവര്‍ ആരോപിച്ചു. പക്ഷെ ഇത് സഖ്യത്തെ ബാധിക്കില്ല. അവര്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.