ഫ്രാൻസിലെ ഭീകരാക്രമണം; മരണം നാലായി

Sunday 25 March 2018 3:24 am IST
"undefined"

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ കാര്‍കാസോണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമിക ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സൂപ്പര്‍മാര്‍ക്കറ്റില്‍ കടന്നു കയറിയ അക്രമി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി ബന്ദികളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഗുരുതരമായി പരിക്കേറ്റിരുന്ന ഫ്രഞ്ച് അര്‍ധസൈനിക വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണല്‍ അര്‍നൗഡ് ബെല്‍ട്രാമെ ഇന്നലെ മരിച്ചു. ഇരുപത്തഞ്ചുകാരനായ അക്രമി റെഡൗനെ ലാക്ഡിമിനെ പോലീസ് വെടിവെച്ചു കൊന്നതോടെയാണ് മൂന്നു മണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ സംഭവത്തിന് അവസാനമായത്.

ആക്രമണത്തില്‍ പതിനാറു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലുള്ള രണ്ടു പേരുടെ നിലഗുരുതരമാണ്. ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ പ്രസിഡന്റ് ഇമാനുവല്‍ മക്രോ ണ്‍ പിന്‍വലിച്ചതിനു ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണിത്. ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ 2016 മുതല്‍ നിരീക്ഷണത്തിലാലിരുന്നു ഈ അക്രമി. എന്നാല്‍ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ പാകത്തിന് ഇയാള്‍ അപകടകാരിയാവുമെന്നു കരുതിയിരുന്നില്ല എന്നാണ് പോലീസിനു വേണ്ടി മാധ്യമങ്ങളോടു സംസാരിച്ച സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. 

രാജ്യം ഇസ്ലാമിക ഭീകരാക്രമണത്തിന്നു വിധേയമായിരിക്കുന്നു എന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് മക്രോണ്‍ പറഞ്ഞു. കാര്‍കാസോണ്‍ പട്ടണത്തിനു പുറത്തുവെച്ച് ഒരു കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമി യാത്രക്കാരനെ വെടിവെച്ചു കൊന്നതിനു ശേഷം ഡ്രൈവറെ പരിക്കേല്‍പ്പിച്ചു. ഈ കാറില്‍ പട്ടണത്തിലെത്തിയ ഇയാള്‍ സൈനികപോസ്റ്റിനടുത്തെത്തി സൈനികര്‍ക്കു നേരെ വെടിവെച്ചു. സൈനികര്‍ പിന്തുടര്‍ന്നപ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടിച്ചു കയറ്റി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.