റൊണാൾഡോ രക്ഷകനായി; പോർച്ചുഗൽ ജയിച്ചുകയറി

Sunday 25 March 2018 4:15 am IST
"undefined"

സൂറിച്ച്: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായി. സൗഹൃദ മത്സരത്തില്‍ ഈജിപ്റ്റിനെതിരെ തോല്‍വിയിലേക്ക് നീങ്ങിയ സ്വന്തം ടീമിനെ  രണ്ടുമിനിറ്റിനിടെ രണ്ട് ഗോള്‍ അടിച്ച് റൊണാള്‍ഡോ വിജയത്തിലേക്ക് തിരച്ചുകൊണ്ടുവന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ മുഹമ്മദ് സാലായുടെ ഈജിപ്റ്റിനെ തോല്‍പ്പിച്ചത്.

ഈ സീസണില്‍ 28 ഗോളുമായി പ്രീമിയര്‍ ലീഗില്‍ കത്തിനില്‍ക്കുന്ന ലവിര്‍പൂള്‍ താരം മുഹമ്മദ് സാലാ 56-ാം മിനിറ്റില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്റ്റിനെ മുന്നിലെത്തിച്ചു. പക്ഷെ തന്റെ കരിയറിലെ 900-ാം മത്സരത്തിനിറങ്ങിയ റൊണാള്‍ഡോ സാലായുടെ പ്രതീക്ഷകള്‍ രണ്ട് ഗോളില്‍ മുക്കിക്കളഞ്ഞു. രണ്ടാം പുകതിയുടെ അധികസമയത്താണ്  റൊണാള്‍ഡോ രണ്ടു ഗോളും നേടിയത്. ഇതോടെ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടുന്ന ഗോളുകള്‍ളുടെ ഏണ്ണം 81 ആയി.1990നുശേഷം ഇതാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഈജിപ്ത്ത് ഇത്തവണ ആതിഥേയരായ റഷ്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് മത്സരിക്കുക. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കും.

ലോകകപ്പില്‍ കിരീട സാധ്യതയുള്ള മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ മികച്ച വിജയം കുറിച്ചു.പരിക്കേറ്റ നെയ്മറെ കൂടാതെയിറങ്ങിയ ബ്രസീല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുലച്ച ബ്രസീല്‍ രണ്ടാം പകുതിയില്‍ പ്രായശ്ചിത്തം ചെയ്തു. മൂന്ന് ഗോളുകള്‍ റഷ്യയുടെ വലക്കുളളിലാക്കി.

മിറാന്‍ഡ, ഫലിപ്പേ കുടിഞ്ഞോ, പോളീഞ്ഞോ എന്നിവരാണ് ഗോളുകള്‍ നേടിയത്.സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയെ കൂടാതെയിറങ്ങിയ അര്‍ജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെ പരാജയപ്പെടുത്തി. പരിക്കിനെ തുടര്‍ന്നാണ് മെസി വിട്ടുന്നത്.എവര്‍ ബനേഗ, മാനുവല്‍ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മനിയെ സ്‌പെയിന്‍ സമനിലയില്‍ പിടിച്ചുനിര്‍ത്തി 1-1.  റോഡ്രിഗോ മോറേനോയുടെ ഗോളില്‍ സ്‌പെയിന്‍ മുന്നിലെത്തി. പക്ഷെ തോമസ് മുള്ളറുടെ ലോങ്ങ് റേഞ്ചര്‍ ജര്‍മനിയെ തോല്‍വിയില്‍ നിന്ന് കരകയറ്റി. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ട് ഹോളണ്ടിനെതിരെ വിജയം നേടി. സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ ഹോളണ്ടിനെ തോല്‍പ്പിച്ചത്. ജെസി ലിന്‍ഗാര്‍ഡാണ് ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ കൊളംബിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. യുവാന്‍ ക്യൂന്‍ടെറോ അവസാന നിമിഷം പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് കൊളംബിയയ്ക്ക് വിജയമൊരുക്കിയത്. മൂറില്‍ , ഫാല്‍ക്കോ എന്നിവരാണ് കൊളംബിയയുടെ മറ്റ് സ്‌കോര്‍മാര്‍. ഫ്രാന്‍സിനുവേണ്ട് ജിറൗഡും ലെമറും ഗോള്‍ നേടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.