എരുമേലി ആശുപത്രി ജനങ്ങളുടെ മുമ്പില്‍ വാതിലടയ്ക്കുന്നു

Sunday 25 March 2018 2:00 am IST
എരുമേലി: എരുമേലിയില്‍ വികസനത്തിനായി അനവധി ഫണ്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിക്കുന്നുണ്ടെങ്കിലും അടിയന്തിര പ്രാധാന്യമുള്ള എരുമേലി സിഎച്ച്‌സി സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്.

 

എരുമേലി: എരുമേലിയില്‍ വികസനത്തിനായി അനവധി ഫണ്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിക്കുന്നുണ്ടെങ്കിലും അടിയന്തിര പ്രാധാന്യമുള്ള എരുമേലി സിഎച്ച്‌സി സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥ പരിതാപകരമാണ്.

സാധാരണക്കാരായ കോളനി നിവാസികളും ആദിവാസി മേഖലകളും ഉള്‍പ്പെട്ട എരുമേലിയില്‍ നിലവിലുളള ആശുപത്രി ജനങ്ങളുടെ മുമ്പില്‍ വാതിലടച്ച് സേവനം നിഷേധിച്ചിരിക്കുന്നു. ഇവിടെ ഡോക്ടറുടെ സേവനം ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാണ് ലഭിക്കുന്നത്. അര നൂറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന എരുമേലിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് വിവിധ കമ്മീഷനുകള്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.

ഏഴ് ഡോക്ടര്‍മാര്‍, അനുബന്ധ പാരാമെഡിക്കല്‍ ജീവനക്കാര്‍ അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയുന്ന ആശുപത്രിയുടെ വികസനം സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്തുകളുടേയും അനാസ്ഥ മൂലം അട്ടിമറിക്കപ്പെടുകയായിരുന്നു. പല ഘട്ടങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഈ ആശുപത്രിയുടെ വികസനത്തിനായി ലഭിച്ചത്. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതല്ലാതെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കിടത്തി ചികിത്സക്കായി  സ്ത്രീ-പുരുഷ-കുട്ടികളുടെ വാര്‍ഡുകള്‍ അടക്കം ഉണ്ടായിരുന്ന ആശുപത്രി ഇപ്പോള്‍ പൂട്ടിയിടേണ്ട ഗതികേടിലാണ്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആശുപത്രിക്ക് ജീവന്‍ വക്കുന്നത്. 

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് ആശുപത്രി.  രോഗികള്‍ക്ക് കിടത്തി ചികിത്സയ്ക്കായി നിര്‍മ്മിച്ച് കെട്ടിടത്തിന്റെ  നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പോയി. നിലവില്‍ ആശുപത്രിയില്‍ സ്ഥല സൗകര്യമില്ലാത്തിനാല്‍ രോഗികള്‍ വീര്‍പ്പുമുട്ടുകയാണ്. ഒപി ബ്ലോക്കിലും, മരുന്നു വിതരണം ചെയ്യുന്ന സ്ഥലത്തും രോഗികളുടെ തിരക്ക് വര്‍ധിച്ചാല്‍ നില്‍ക്കാന്‍ ഇടമില്ല.

പലപ്പോഴും രോഗികള്‍ പതിനഞ്ച് കിലോമീറ്റര്‍ അകലെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടേണ്ട സാഹചര്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.