കാര്‍ഷികവായ്പാ തട്ടിപ്പ് തെരഞ്ഞെടുപ്പ്; ലക്ഷ്യമിട്ട് അറസ്റ്റ് വൈകിപ്പിക്കുന്നു

Sunday 25 March 2018 5:00 am IST

ആലപ്പുഴ: വ്യാജരേഖകള്‍ ചമച്ച് കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റ് വൈകുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് വിമര്‍ശനം. വികാരി ഉള്‍പ്പടെയുള്ള പ്രധാന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളി ദിവസങ്ങളായിട്ടും അന്വേഷണ സംഘം തുടര്‍നടപടി സ്വീകരിക്കാത്തത് ഭരണകക്ഷിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ്.

കുട്ടനാട്ടില്‍ നടന്ന വായ്പ തട്ടിപ്പില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍സിപി നേതാവുമായ അഡ്വ. റോജോ ജോസഫ്, കര്‍ഷകസംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസനസമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സിവില്‍ കേസായി പരിഗണിക്കണമെന്ന വാദവും കോടതി തള്ളിയിരുന്നു. 

വിശ്വാസവഞ്ചനയ്ക്കും വ്യാജരേഖകള്‍ ചമച്ച് വായ്പാ പണം തട്ടിയതിനുമാണ് കേസ്. കുട്ടനാട്ടിലെ നാല് പോലീസ് സ്റ്റേഷനുകളിലായി ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ക്രൈംബ്രാഞ്ച് സംഘം കോടതി ഉത്തരവിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല. സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വികാരിയെ അറസ്റ്റ് ചെയ്യുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. 

വര്‍ഗീയ കാര്‍ഡിറക്കിയാണ്  ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി സമര്‍പ്പിക്കാനുള്ള സാവകാശം നല്‍കാനാണ് അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദ്ദമുള്ളത്. പ്രതിപക്ഷ കക്ഷികളും കര്‍ഷകസംഘടനകളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.