'കേരളം കീഴാറ്റൂരിലേക്ക്'; മാർച്ച് ഇന്ന്

Sunday 25 March 2018 5:15 am IST

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കാന്‍ തീരുമാനിച്ച വയലില്‍ സിപിഎം കൊടി നാട്ടി. നാടിന്റെ കാവല്‍പ്പുര സമരം എന്ന പേരില്‍ കാവല്‍പുരയും നിര്‍മ്മിച്ചു. വയല്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ പ്രതിരോധം സൃഷ്ടിച്ചിരുന്ന സ്ഥലം കൈയടക്കിയാണ് സിപിഎം നേതൃത്വത്തിലുള്ള അഖിലേന്ത്യാ കര്‍ഷക സംഘത്തിന്റെ കൊടി നാട്ടിയത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായ ഏതാനും പേരെ മുന്നില്‍ നിര്‍ത്തിയാണ് ഇന്നലെ വൈകുന്നേരം  വയലില്‍ കൊടി നാട്ടിയത്. പരമാവധി നഷ്ടപരിഹാരം അനുവദിച്ചു തരണം എന്നും ഭൂവുടമയുടെ പേരും എഴുതിയ ബോര്‍ഡ് ഇന്നലെ വൈകുന്നേരത്തോടെയാ ണ് സ്ഥാപിച്ചത്. 

എന്നാല്‍ പാര്‍ട്ടി സ്വാധീന കേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുടെ സ്ഥലങ്ങളില്‍ ഞങ്ങള്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറെന്ന രീതിയില്‍ സിപിഎം സംഘം വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യ സമിതി 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരില്‍ സമരം നടക്കാനിരിക്കെ എല്ലാവരും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വരുത്തി തീര്‍ക്കാനാണ് വ്യാപകമായി ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് സൂചന. 

പി. ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ക്കു പുറമേ കര്‍ഷക സംഘത്തിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക  നേതാക്കളും ചേര്‍ന്നാണ് കൊടി നാട്ടിയത്. തുടര്‍ന്ന് തളിപ്പറമ്പിലേക്ക് പ്രകടനവും പൊതുയോഗവും നടത്തി. അതേസമയം വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് ഐക്യദാര്‍ഢ്യ സമര സമിതിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരത്തില്‍ നിന്നും കീഴാറ്റൂരിലേക്ക് റാലി നടക്കും. പാര്‍ട്ടി കേന്ദ്രമായ കീഴാറ്റൂരിലേക്ക് റാലി കടത്തിവിടാതിരിക്കാനുള്ള നീക്കവുമുണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതായി സൂചന നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കനത്ത  സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

സുരേഷ്‌ഗോപി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, കോ ണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ഹരീഷ് വാസുദേവ്, സി.ആര്‍. നീലകണ്ഠന്‍, കെ.കെ. രമ, ദയാബായ്, സാറാ ജോസഫ്, കര്‍ണാടകയിലെ കര്‍ഷക സമര ജേതാവ് അനുസൂയാമ്മ, വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.