സൈനികർക്ക് പുത്തൻ പടക്കോപ്പുകൾ

Sunday 25 March 2018 5:30 am IST
"undefined"

ന്യൂദല്‍ഹി: പാക്, ചൈന അതിര്‍ത്തികളില്‍ നിലയുറപ്പിക്കുന്ന സൈനികര്‍ക്ക് പോരാടാന്‍ പുത്തന്‍ ആയുധങ്ങളെത്തുന്നു. റൈഫിളുകളും യന്ത്രത്തോക്കുകളും ഉള്‍പ്പെടെ 5,000 കോടിയുടെ പുത്തന്‍ ആയുധങ്ങള്‍ നല്‍കി അതിര്‍ത്തിയിലെ സൈന്യത്തെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം പദ്ധതി തയാറാക്കി. 

റൈഫിള്‍, ലൈറ്റ് മെഷീന്‍ ഗണ്‍, സിക്യുബി എന്നറിയപ്പെടുന്ന ക്ലോസ് ക്വാര്‍ട്ടര്‍ റൈഫിള്‍ എന്നീ ഇനത്തില്‍പ്പെട്ട തോക്കുകള്‍ വാങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഏകദേശം 5,366 കോടി വിലമതിക്കുന്ന ആയുധങ്ങളാണ് വാങ്ങുന്നത്. ഇതിനായി തെരഞ്ഞെടുത്ത വിദേശ ആയുധ കമ്പനികളില്‍ നിന്ന് ആദ്യ ടെന്‍ഡര്‍ വിളിച്ചതായും കേന്ദ്ര പ്രതിരോധ വകുപ്പ്  അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ ഒപ്പുവെക്കാനാണ് അതിവേഗ നടപടിക്രമത്തിലൂടെ പത്ത് ദിവസംകൊണ്ട് ടെന്‍ഡര്‍ വിളിച്ചത്. 

72,400 റൈഫിളുകളും (1,798 കോടി) 93,895 ക്യൂസിബി റൈഫിളുകളും (1749 കോടി) 16,479 ലൈറ്റ് മെഷീന്‍ ഗണ്ണുകളും (1,819 കോടി) വാങ്ങാനാണ് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ സമിതി അനുമതി നല്‍കിയത്. 

850 സൈനികര്‍ വീതമുള്ള 382 ഇന്‍ഫന്ററി ബെറ്റാലിയനുകള്‍ക്ക് പുതിയ ആയുധങ്ങള്‍ വേണമെന്ന് 2005ലാണ് സേന ആവശ്യപ്പെട്ടത്. 2009ല്‍ ചെറുകിട യന്ത്രത്തോക്കുകള്‍ വാങ്ങുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് വേണ്ടെന്നു വെക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.