പൊന്നുവിളയിച്ച് കാല്‍പാലത്തിങ്കള്‍ ഏലാ

Sunday 25 March 2018 11:53 am IST

 

പത്തനാപുരം: തരിശുനിലത്തില്‍ പൊന്നുവിളയിച്ച് ഇളമ്പല്‍ സര്‍വ്വീസ് സഹകരണബാങ്ക്. കിഴക്കന്‍മേഖലയുടെ നഷ്ടമായ കാര്‍ഷികസമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഇളമ്പല്‍ സര്‍വ്വീസ് സഹകരണബാങ്കും വിളക്കുടി ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച നെല്‍കൃഷിക്കാണ് നൂറുമേനി വിളവ് ലഭിച്ചത്. 20 വര്‍ഷത്തിലധികമായി തരിശു കിടന്ന കല്‍പാലത്തിങ്കള്‍ ഏലായിലെ ഏഴേക്കറോളം വരുന്ന തരിശുനിലത്തില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു വിളവിറക്കിയത്. പ്രത്യാശ ഇനത്തില്‍പെട്ട വിത്താണ് വിളയിച്ചത്. നാടിന്റെ സാക്ഷിയാക്കി കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ നടന്ന വിളവെടുപ്പ് കുട്ടികള്‍ക്കും വേറിട്ട അനുഭവമായി. ഇളമ്പല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.തങ്കപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്‍, കൃഷിഓഫീസര്‍ അനീസാ, ബാങ്ക് സെക്രട്ടറി പി.മണി തുടങ്ങിയവര്‍ പങ്കെടുത്തു. 

കൃഷി ഒരു തൊഴിലിനുമപ്പുറം നമ്മുടെ സംസ്‌കാരമാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ബാങ്ക് നെല്‍കൃഷിയുമായി മുന്നിട്ടിറങ്ങിയതെന്നും നെല്‍കൃഷി തുടരുമെന്നും ബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ തങ്കപ്പന്‍പിള്ള പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സര്‍വ്വീസ് അടക്കം സമൂഹനന്മക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.