എന്‍സിസിയെ കുറിച്ച് കേട്ടിട്ടില്ല: രാഹുലിന്റെ പ്രസ്താവന വിവാദത്തില്‍

Sunday 25 March 2018 2:36 pm IST
"undefined"

മൈസൂര്‍: എന്‍സിസിയെ കുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദത്തില്‍. കര്‍ണാടകയിലെ മൈസൂരുവില്‍ എന്‍സിസി കാഡറ്റുകളുമായി സംവദിക്കവെയാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്.

നാഷണല്‍ കാഡറ്റ് കോര്‍പിന്റെ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചവര്‍ക്കുള്ള നേട്ടങ്ങളില്‍ എന്തെല്ലാം വിപുലീകരണമാണുണ്ടാവുക എന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനാണ് എന്‍സിസിയുടെ രീതികള്‍ അറിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയത്.എനിക്ക് എന്‍സിസി പരിശീലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അതിനാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാനും കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

പ്രതിരോധ വകുപ്പിന്റെ തന്നെ രണ്ടാമത്തെ സമാന്തര സൈന്യസംവിധാനമായ എന്‍സിസിയെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന് അറിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എന്‍സിസി കേഡറ്റുകള്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി എന്‍സിസിയെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളജിലെ എന്‍സിസി കാഡറ്റായ സഞ്ജന പറഞ്ഞു.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പോലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ എന്‍സിസി കാഡറ്റുകളായിരുന്നെന്നും എന്‍സിസിയാണ് തങ്ങളെ അച്ചടക്കം പഠിപ്പിച്ചതെന്നും കേന്ദ്ര കായിക മന്ത്രി രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് ട്വീറ്റ് ചെയ്തു.

രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ മാത്രമല്ല, മുഴുവന്‍ രാഷ്ട്രീയ സമൂഹത്തെയും ലജ്ജിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. എന്തിനാണ് അദ്ദേഹം ഇത്തരം കുഴപ്പം പിടിച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.