ആധാര്‍: ഇന്ത്യയില്‍ പരാതി; വെള്ളക്കാര്‍ക്ക് മുന്നില്‍ നഗ്നരാകാം

Sunday 25 March 2018 7:08 pm IST
ഇന്ത്യയിലെ സര്‍ക്കാര്‍ സ്വകാര്യതയിലേക്ക് കൈകടത്തുന്നുവെന്നാണ് ജനങ്ങളുടെ പരാതിയെന്നും, എന്നാല്‍ ഇവര്‍ക്കൊന്നും വെള്ളക്കാരുടെ മുന്നില്‍ വസ്ത്രങ്ങളഴിച്ചുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകാനും, വിരലടയാളം നല്‍കാനും ഒരു പ്രശ്‌നവുമില്ല
"undefined"

ന്യൂദല്‍ഹി: അമേരിക്കയിലേയ്ക്ക് വിസ ലഭിക്കുന്നതിനായി എല്ലാവിധ പരിശോധനയ്ക്കും തയ്യാറാകുന്ന നമ്മള്‍ സ്വന്തം സര്‍ക്കാര്‍ ചോദിച്ചാല്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ആധാര്‍ കാര്‍ഡിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ട്വീറ്ററിലൂടെയുള്ള മറുപടി. 

ഇന്ത്യയിലെ സര്‍ക്കാര്‍ സ്വകാര്യതയിലേക്ക് കൈകടത്തുന്നുവെന്നാണ് ജനങ്ങളുടെ പരാതിയെന്നും, എന്നാല്‍ ഇവര്‍ക്കൊന്നും വെള്ളക്കാരുടെ മുന്നില്‍ വസ്ത്രങ്ങളഴിച്ചുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകാനും, വിരലടയാളം നല്‍കാനും ഒരു പ്രശ്‌നവുമില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. വെള്ളക്കാരുടെ മുന്നില്‍ കണ്ണിന്റെ ചിത്രം നല്‍കുമ്പോഴും, വിരലടയാളം നല്‍കുമ്പോഴും നമുക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ല. പക്ഷേ, ഇന്ത്യന്‍ സര്‍ക്കാര്‍ പേരും മേല്‍വിലാസവും ചോദിച്ചാല്‍ ഇവരെല്ലാം വിപ്ലവവും പ്രതിഷേധവും തുടങ്ങും. സര്‍ക്കാര്‍ സ്വകാര്യതയിലേക്ക് കൈകടത്തുന്നുവെന്ന് ആരോപിച്ചായിരിക്കും ഇവരുടെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ കേസ് സുപ്രീകോടതിയുടെ പരിഗണനിയിലിരിക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ തനിക്ക് നിയന്ത്രണങ്ങളുണ്ട്- കണ്ണന്താം പറഞ്ഞു. അതേസമയം ആധാറിന്റെ സുരക്ഷിതത്വത്തിലെ ആശങ്കകളോട് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ ഒരു കേസ് പോലും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരോ ഇന്ത്യന്‍ പൗരന്റെയും വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈയില്‍ സുരക്ഷിതമാണെന്നും, ഇതൊരിക്കലും ചോര്‍ന്നുപോകില്ലെന്നും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡാറ്റ സൂക്ഷിക്കുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ആധാര്‍ കാര്‍ഡ് അതിസുരക്ഷിതവും ആധാറിലെ രഹസ്യകോഡ് ചോര്‍ത്തല്‍ സൂപ്പര്‍ കമ്പ്യൂട്ടറിന് പോലും അസാദ്ധ്യമാണെന്നും യുഐഡിഎഐ സിഇഒ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയായിരുന്നു സുപ്രീംകോടതിയില്‍ ആധാറിന്റെ സുരക്ഷയെക്കുറിച്ച് വിവരിച്ചത്. ആധാര്‍ അതോറിറ്റിയിലെ വിവരങ്ങള്‍ പുറത്തുപോകില്ലെന്നും, വിവരങ്ങള്‍ ശേഖരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും യുഐഡിഎഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.