ഏജന്‍സികളുടെ ചൂഷണത്തിനിരയായി സെക്യൂരിറ്റി ജീവനക്കാര്‍

Monday 26 March 2018 1:02 am IST


ആലപ്പുഴ: സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നതായി പരാതി ഉയരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് തൊഴിലെടുക്കുന്ന ആയിരക്കണക്കിന് സെക്യുരിറ്റി ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും വളരെ പ്രായമുള്ളവരാണ്.
  മുപ്പതോളം ഏജന്‍സികളുടെ കീഴിലായി ജില്ലയില്‍ പതിനായിരത്തില്‍ അധികം സെക്യൂരിറ്റി ജീവനക്കാരുണ്ടെന്നാണ് കണക്ക്. ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന ഏജന്‍സികളും ഉണ്ട്. ചില ഏജന്‍സികള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നല്‍കേണ്ട വേതനം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കരാറില്‍ കൃത്യമായി രേഖപ്പെടുത്തും.
 എന്നാല്‍ ഈ വേതനം ജീവനക്കാര്‍ക്ക് നല്‍കാറില്ലെന്നും ഇവരില്‍ നിന്ന് കമ്മിഷനായി ഒരു നിശ്ചിത തുക കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം . മിനിമം ഡ്യൂട്ടി സമയം എട്ട് മണിക്കൂറാണെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ 12 മണിക്കൂര്‍ വരെ ജോലി നോക്കേണ്ടിവരുന്നു.
 കൂടുതല്‍ സമയം ജോലിനോക്കിയാലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 8,000 മുതല്‍ 11,500 രൂപ വരെയാണ് പ്രതിമാസംനല്‍കുന്നത്. സ്ഥാപന ഉടമകളില്‍ നിന്ന് വാങ്ങുന്ന ശമ്ബളത്തിന്റെ പകുതി പോലും ചില ഏജന്‍സികള്‍ നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.
 ഇത് ചോദ്യം ചെയ്താല്‍ ജോലിയില്ലാതാകുമെന്ന് ഭയന്ന് പലപ്പോഴും ജീവനക്കാര്‍ പ്രതികരിക്കാറില്ല. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ചിട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിനാലാണ് ജീവനക്കാര്‍ ചൂഷണത്തിന് ഇരയാകുന്നതെന്നും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.