ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ കാണാതായ സംഭവം; കപ്യാര്‍ പിടിയില്‍

Sunday 25 March 2018 8:30 pm IST
"undefined"

കുളമാവ്: കുളമാവ് സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന ധ്യാനത്തിനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ കപ്യാര്‍ അറസ്റ്റിലായി. കുളമാവ് കൊടുവേലിപ്പറമ്പില്‍ ജോസഫി (അജി 32) നെയാണ് പോക്സോ നിയമപ്രകാരം പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. 

ധ്യാനത്തിന്റെ സമാപന ദിവസം രാത്രി ഏഴരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരും പള്ളി ഭാരവാഹികളും ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് കുളമാവ് പോലീസും സ്ഥലത്തെത്തി. വീട്ടുകാര്‍ സൂചിപ്പിച്ചതനുസരിച്ച് പോലീസ് ജോസഫിനെ ചോദ്യം ചെയ്തെങ്കിലും തനിക്കറിയില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നു. 

ഏറെ സമയത്തിന് ശേഷം അര്‍ദ്ധ രാത്രി ഒന്നരയോടെ പെണ്‍കുട്ടിയെ സമീപത്തെ മഠത്തിനടുത്ത റബ്ബര്‍ത്തോട്ടത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. 

ചോദ്യം ചെയ്തതില്‍ നിന്ന് ജോസഫ് പറഞ്ഞിട്ടാണ് മഠത്തിനടുത്തെത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിരയായതായി തെളിഞ്ഞു. പലപ്രാവശ്യം ജോസഫ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത ശേഷം രാത്രിയോടെയാണ് അറസറ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കും. കുളമാവ് എസ്.ഐ. കെ.ആര്‍.ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.