ഇങ്ങനെ വേണം; ഇങ്ങനെത്തന്നെ!

Monday 26 March 2018 2:05 am IST
"undefined"

കലാപ്രവര്‍ത്തകരും സാഹിത്യപ്രവര്‍ത്തകരും നിഷ്പക്ഷമതികളായിരിക്കണം. സ്വന്തം അഭിപ്രായം സമൂഹത്തിനു മുന്നില്‍ പ്രകടിപ്പിക്കാന്‍ ധൈര്യമുള്ളവരും ആയിരിക്കണം. സമൂഹം, രാഷ്ട്രം, പ്രദേശം, കുടുംബം എന്നിവകളോടെല്ലാം വേണ്ടുന്ന രീതിയിലുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കണം. കലാ-സാഹിത്യ പ്രവര്‍ത്തകര്‍ പലരും മേല്‍ സൂചിപ്പിച്ച രീതിയില്‍ ഉള്ളവരായിരുന്നെന്ന് ചരിത്രം നമുക്ക് പഠിപ്പിച്ചുതരുന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ ഒരു ജനാധിപത്യ സംഗമത്തില്‍ ചലച്ചിത്രതാരം ജോയ് മാത്യു പറഞ്ഞ അഭിപ്രായം നൂറ് ശതമാനം ശരിതന്നെയാണ്. അത് തുറന്നുപറയാന്‍ അദ്ദേഹം പ്രകടിപ്പിച്ച ആര്‍ജ്ജവം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ഇക്കാലത്ത് ഇവിടെ മിക്കവരും ലക്ഷ്യമിടുന്നത് അവാര്‍ഡുകള്‍ മുതലായവ തന്നെയെന്നത് പരമസത്യം. അതിലെ പണത്തിനുതന്നെ പ്രാധാന്യം.  കാഴ്ചയ്ക്കായുള്ള ഫലകാദികളോ പ്രമാണപത്രങ്ങളോ എല്ലാം രണ്ടാം സ്ഥാനത്തും. അതാണല്ലോ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുമ്പോള്‍ പണം ഒഴികെയുള്ളവ മാത്രം തിരികെ കൊടുക്കുന്നത്.

നമുക്കോ നമ്മുടെ സമൂഹത്തിനോ രാജ്യത്തിനോ യാതൊരു പ്രത്യേകതയുമില്ലെന്നും നമ്മളെല്ലാം ഏതോ ചില സങ്കര ഉല്‍പ്പന്നങ്ങളാണെന്നും ഉരുവിട്ട് നടക്കുന്ന കലാപകാരികളും വിധ്വംസകരുമായ പല വൈദേശിക ഛിദ്രശക്തികളുമുണ്ട്. ഇവര്‍ക്കും ഇവരുടെ പ്രകീര്‍ത്തകരും അനുയായികളുമായി ഇന്നാട്ടിലുള്ള കുറെ സ്വയം പ്രഖ്യാപിത മഹാന്മാര്‍ക്കും മുന്നില്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച് കാലം കഴിക്കുന്ന  'സാംസ്‌കാരിക നാശകര്‍' സമൂഹത്തിന് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, ലോകത്തിനു പോലും തീരാശാപമായി മാറുകയാണ്. 

താന്‍ ഓംകാരത്തിന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്ന് സാഭിമാനം പ്രഖ്യാപിച്ച, നമ്മുടെ ഒരു ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിന്റെ വിവേകവും തന്റേടവും പലരും ഇന്നും ആദരവോടെ ഓര്‍ക്കുന്നു. വസ്തുനിഷ്ഠമായും സത്യസന്ധമായും കാര്യങ്ങളെ കാണാനും വിലയിരുത്താനും കഴിവും തന്റേടവുമുള്ള ചിലരെങ്കിലും നമുക്കിടയില്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തിത്തന്ന ജോയ് മാത്യുവിന് ആയിരമായിരം അഭിനന്ദനങ്ങള്‍!

വാസുദേവ് നെല്ലായി, തൃശൂര്‍

വിധേയനാവാനാണ് മലയാളിക്കിഷ്ടം

ആനന്ദത്തെ 'ആനന്ത'മാക്കുന്ന മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടെ ദുരവസ്ഥ ദയനീയമെന്നല്ലാതെന്ത് പറയാന്‍! നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കാന്‍ ഇതില്‍ക്കൂടുതലൊരു അളവുകോല്‍ ആവശ്യമില്ലല്ലൊ. ചാക്കീരിപ്പാസില്‍നിന്നു തുടങ്ങി ഡിപിഇപിയുമെല്ലാമായി പഠനനിലവാരം കുത്തനെ കുറച്ചവരാണ് ഇതിനെല്ലാം കാരണക്കാര്‍. ആന എന്നതിലെ 'ന'ക്കു തുല്യമായി കുത്തിവരച്ചിട്ടാല്‍ കുട്ടിക്ക് ഉത്തരത്തെക്കുറിച്ച് ബോധ്യമുണ്ടെന്ന നിഗമനത്തില്‍ മാര്‍ക്ക് നല്‍കാനാണ് അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശം. ഈ രീതിയില്‍ പഠിച്ച് മലയാളത്തില്‍ ബിരുദാനന്തരബിരുദത്തിനെത്തുന്ന കുട്ടികള്‍ 'ആനന്ത'മെന്നെങ്കിലും എഴുതിയല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. ഇങ്ങനെ പഠിച്ചുവളര്‍ന്നവരാണല്ലൊ ഇപ്പോഴത്തെ അദ്ധ്യാപകര്‍.

കവിതാസ്വാദകന് അക്ഷരബോധം വേണമെന്ന് ശഠിക്കാന്‍ കഴിയില്ല. അക്ഷരാഭ്യാസം പോലുമില്ലാത്തവനും നന്നായി ചൊല്ലിക്കേള്‍ക്കുന്ന കവിത ആസ്വദിക്കാന്‍ കഴിയും. നന്നായി ചൊല്ലാനും കഴിയും. പക്ഷേ, മലയാളം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അക്ഷരബോധം വേണ്ടേ? അക്ഷര സ്ഫുടത വേണ്ടേ? അങ്ങനെയെങ്കിലല്ലേ ഭാഷ വളരൂ. തിരിച്ചാണെങ്കില്‍ ഭാഷയുടെ നാശത്തിനാണ് വിധി. ഭാഷയുടെ നാശമെന്നത് സംസ്‌കാരത്തിന്റെ നാശമാണ്. മൃതഭാഷകളുടെ കൂട്ടത്തില്‍ മലയാളവും ഉള്‍പ്പെടുന്നെന്നത് നമ്മള്‍ ഗൗരവത്തോടെയെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്.

ഇതൊന്നുമറിയാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും. പക്ഷേ, ആത്മാര്‍ത്ഥമായി ഇതിനെതിരായ നിലപാട് എന്നെങ്കിലും ഇവരില്‍ നിന്നുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഉപരിപ്ലവമായ സോപ്പുകുമിളകള്‍പോലെയാണ് മലയാളികള്‍ ഇക്കാര്യത്തില്‍. എന്തിലും വലിയ അറിവുള്ളവരാണെന്ന ബോധമാണ് നമ്മള്‍ കേരളീയരെ ഭരിക്കുന്നത്. പക്ഷേ, വിവേകമില്ലെന്നതാണ് സത്യം. രണ്ടരവയസ്സുമുതല്‍ മാതൃഭാഷയില്ലാതെ പഠിച്ചുവളരാന്‍ പറ്റുന്ന ലോകത്തിലെ ഏക പ്രദേശമാണ് കേരളമെന്നതുതന്നെ ഈ നിരീക്ഷണത്തിനാധാരം. അനുബന്ധമായി ഒന്ന് രണ്ട് സൂചനകള്‍ മാത്രം താഴെ കൊടുക്കുന്നു.

പരിസ്ഥിതിയെക്കുറിച്ച് വാചാലമാകുകയും അതേസമയം സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കും, വയല്‍നികത്തി ദേശീയപാതാ നിര്‍മാണത്തിനും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന കപടമുഖമാണ് മലയാളിയുടേത്. ഇതു തുറന്നുപറയുന്ന ചുരുക്കം ചിലരെ വികസനവിരോധികള്‍ എന്നുപറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കാനും മലയാളി മിടുക്കനാണ്. വിഷയാധിഷ്ഠിതമായി സത്യസന്ധമായ നിലപാടെടുക്കുന്നതില്‍ മലയാളി വിമുഖനാണ്. ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും തുറന്നുപറയാനുള്ള നെഞ്ചൂക്ക് കാണിക്കുന്നേയില്ല. വിധേയന്മാരായി,അധികാരികളെ പിണക്കാതെ, കിട്ടാവുന്ന ആനുകൂല്യങ്ങള്‍ മുടക്കാതെ കഴിയാനാണ് മലയാളിക്കിഷ്ടം. ഒരു ചെറുവിഭാഗത്തില്‍നിന്ന് ശക്തമായ ചില ശബ്ദങ്ങളുയരുന്ന പ്രതീക്ഷയില്‍ 'ആനന്ത'ത്തോടെ നമുക്ക് കാത്തിരിക്കാം- ഒരു പുതിയ പുലരിക്കായി.

രാമചന്ദ്രന്‍ പാണ്ടിക്കാട്, മലപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.