കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് പുരോഹിതര്‍

Monday 26 March 2018 2:25 am IST
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാപ്പ് പറച്ചിലും കുമ്പസാരവുമെല്ലാം കര്‍ദ്ദിനാളിന്റെ നാടകമാണ്. സഭയ്ക്കുണ്ടായ നഷ്ടം നികത്താമെന്നാണ് കര്‍ദ്ദിനാളും കൂട്ടരും പറയുന്നത്. എന്നാല്‍, പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും പണമല്ല പ്രധാനം, സഭയെയും വിശ്വാസികളെയും വഞ്ചിച്ചതിലുള്ള ദുഃഖമാണുള്ളത്. ഇടനിലക്കാരന്‍ സാജു വര്‍ഗീസുമായുള്ള കര്‍ദ്ദിനാളിന്റെ ബന്ധം എന്താണ്? ഇതേക്കുറിച്ച് അറിഞ്ഞേ മതിയാകൂവെന്നും പുരോഹിതര്‍ പറയുന്നു.
"undefined"

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രക്ഷിക്കാന്‍ വിവിധ സഭാ നേതൃത്വം ഇടപെടുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി പുരോഹിതര്‍. കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്നും സഭയെ വഞ്ചിച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നുമാണ് പുരോഹിതരുടെ ആവശ്യം. 

ഇന്നലെ നടന്ന പാതിരി സമിതിയോഗത്തിനുശേഷവും പ്രശ്‌നപരിഹാരമാകുന്നുവെന്ന തരത്തിലാണ് സഭാ നേതൃത്വം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. എന്നാല്‍, ഇത് ശരിയല്ലെന്ന് സഭയിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ വ്യക്തമാക്കി. 

പുരോഹിത സമിതിയോഗത്തില്‍ കര്‍ദ്ദിനാള്‍ പങ്കെടുക്കുന്നതിനോട് ഭൂരിഭാഗം പുരോഹിതര്‍ക്കും എതിര്‍പ്പായിരുന്നു. എന്നാല്‍, തന്നെയും പങ്കെടുപ്പിക്കണമെന്ന കര്‍ദ്ദിനാള്‍ അപേക്ഷിക്കുകയായിരുന്നുവെന്നും പുരോഹിതര്‍ ആരോപിച്ചു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാപ്പ് പറച്ചിലും കുമ്പസാരവുമെല്ലാം കര്‍ദ്ദിനാളിന്റെ നാടകമാണ്. സഭയ്ക്കുണ്ടായ നഷ്ടം നികത്താമെന്നാണ് കര്‍ദ്ദിനാളും കൂട്ടരും പറയുന്നത്. എന്നാല്‍, പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും പണമല്ല പ്രധാനം, സഭയെയും വിശ്വാസികളെയും വഞ്ചിച്ചതിലുള്ള ദുഃഖമാണുള്ളത്. ഇടനിലക്കാരന്‍ സാജു വര്‍ഗീസുമായുള്ള കര്‍ദ്ദിനാളിന്റെ ബന്ധം എന്താണ്? ഇതേക്കുറിച്ച് അറിഞ്ഞേ മതിയാകൂവെന്നും പുരോഹിതര്‍ പറയുന്നു.

ഓശാന ഞായര്‍ ദിനത്തില്‍ കര്‍ദ്ദിനാള്‍ നടത്തിയ പ്രസംഗത്തേയും പുരോഹിതരില്‍ ചിലര്‍ വിമര്‍ശിക്കുന്നു. ഭൂമി ഇടപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായുള്ള കര്‍ദ്ദിനാളിന്റെ പരാമര്‍ശം ശരിയല്ല. കൂടാതെ, ഓരോരോ കാരണങ്ങള്‍ കൊണ്ടും ഞാനും നിങ്ങളും അശുദ്ധിയുള്ളവരാകുന്നുവെന്നായിരുന്നു കര്‍ദ്ദിനാള്‍ പ്രസംഗിച്ചത്. അശുദ്ധി കര്‍ദ്ദിനാളിന് മാത്രമാണെന്നായിരുന്നു ഒരു പുരോഹിതന്‍ പരിഹസിച്ചത്. വിഷയം മാര്‍പ്പാപ്പയുടെ പരിഗണനയിലാണെന്നും, കര്‍ദ്ദിനാളിന് സ്ഥാനം ഒഴിയേണ്ടിവരുമെന്നും ഒരു പുരോഹിതന്‍ വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ എത്തിയത് പോലീസ് അകമ്പടിയില്‍; സംഘര്‍ഷം ഒഴിവായി

എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ ഓശായന ഞായര്‍ ആചാരണ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തിയത് പോലീസ് അകമ്പടിയില്‍. ഭൂമി ഇടപാടില്‍ ആരോപണവിധേയനായ കര്‍ദ്ദിനാളിനെ തടയാന്‍ വിശ്വാസികളില്‍ ഒരു വിഭാഗം തീരുമാനമെടുത്തിരുന്നു. 

കര്‍ദ്ദിനാളിനെ ആരെങ്കിലും തടഞ്ഞാല്‍ നേരിടുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്.

കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കാര്യാലയത്തില്‍ നിന്നും പോലീസ് അകമ്പടിയോടെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതാ ആസ്ഥാനത്തേയ്ക്ക് എത്തിയത്. 

തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പിനു ശേഷം പ്രദക്ഷിണമായിട്ടാണ് ഇവിടെ നിന്നും കര്‍ദിനാളും വൈദികരും വിശ്വാസികളും പള്ളിയിലെത്തിയത്. പള്ളിക്ക് മുന്നില്‍ പുലര്‍ച്ചെ മുതല്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.