സിപിഐ ഒന്നും അറിയുന്നില്ല; സിപിഎം പ്രവര്‍ത്തനം ഏകപക്ഷീയം

Monday 26 March 2018 2:21 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പ്രവര്‍ത്തനം ഏകപക്ഷീയമെന്ന് സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ക്ക് പരാതി. കെ.എം. മാണിയുടെ പിന്തുണ തേടുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഭിന്നത ശക്തമാകുകയാണ്. മാണിയുമായി ബന്ധം വേണ്ടെന്ന സിപിഐ കേരള ഘടകത്തിന്റെ നിലപാടിനെ ദേശീയ നേതൃത്വം പിന്തുണച്ചിരുന്നു. 

എന്നാല്‍ തന്നെ നേരിട്ടുകണ്ട് സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പിന്തുണ ആവശ്യപ്പെട്ടെന്ന് മാണി തുറന്നുപറഞ്ഞതോടെ സിപിഐ വെട്ടിലായി.

ഇടത് സ്ഥാനാര്‍ത്ഥി മാണിയുടെ പിന്തുണ തേടിയെന്ന വിവരം മാണി വെളിപ്പെടുത്തുമ്പോഴാണ് സിപിഐ നേതാക്കള്‍ അറിയുന്നത്. മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. 

എന്നാല്‍ ഇവിടെ സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയുമാണ്. പിണറായി വിജയന്റെ വിശ്വസ്തനും ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാന്റെ വിജയം സിപിഎമ്മിന് അഭിമാനപ്രശ്നമാണ്. 

അതിനാല്‍ തന്നെ സിപിഐയുടെ നിലപാടിനേക്കാ ള്‍ മാണിയുടെ പിന്തുണയാണ് സിപിഎമ്മിന് പ്രധാനം. 

ചെങ്ങന്നൂരില്‍ ഏകദേശം മൂവായിരത്തോളം വോട്ടുകള്‍ മാണി കോണ്‍ഗ്രസ്സിനുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഏതു വിധേനയും കെ. എം. മാണിയെ ഇടതുപാളയത്തിലെത്തിക്കാനാണ് സിപിഎം നീക്കം. 

ചെങ്ങന്നൂരിന്റെ പേരില്‍ മാണിയെ പിന്‍വാതിലിലൂടെ മുന്നണിയിലെത്തിക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കാനാണ് സിപിഐ തീരുമാനം.

ബാര്‍കോഴയുടെ കാര്യം പറഞ്ഞ് ഇനി മാണിയെ അകറ്റി നിര്‍ത്താനാകില്ലെന്നും മുന്നണിയുടെ വിശാല താല്‍പ്പര്യത്തിന് സിപിഐ വഴങ്ങണമെന്നുമാണ് സിപിഎം നിലപാട്.

 മദ്യനയത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ നിലപാട് ശക്തമാക്കിയത് ചെങ്ങന്നൂരില്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു. 

ഇത് മറികടക്കാന്‍ എങ്ങനെയും മാണിയെ കൂടെ നിര്‍ത്തുകയെന്ന തീരുമാനത്തിലാണ് സിപിഎം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.