താങ്ങുവില പ്രഖ്യാപനത്തിന് നടപടികള്‍ തുടങ്ങി
ന്യൂദല്‍ഹി: കര്‍ഷകര്‍ക്കുണ്ടാകുന്ന ചെലവിന്റെ ഒന്നര ഇരട്ടിയായി വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കും എന്ന ബജറ്റ് നിര്‍ദേശം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കര്‍ഷകര്‍ക്ക് വിളവിന് ഉചിതമായ വില കിട്ടാന്‍ കാര്‍ഷിക വിപണി പരിഷ്കാരങ്ങള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന് കി ബാത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ ചന്തകളെ വന്‍കിട മാര്‍ക്കറ്റുമായും ആഗോള വിപണിയുമായും ബന്ധിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവ് വില്‍ക്കുന്നതിന് വളരെ ദൂരെ പോകേണ്ടി വരരുത്. അതിനായി ഇരുപത്തിരണ്ടായിരം ഗ്രാമീണ ചന്തകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നല്കി രാജ്യത്തെ ഏതൊരു വിപണിയുമായും ബന്ധപ്പെടാനുള്ള സൗകര്യം രൂപപ്പെടുത്തും.
എല്ലാവര്ക്കും രാമനവമി ആശംസകള്‍ നേര്‍ന്നാണ് നാല്‍പ്പത്തിരണ്ടാമത് മന് കി ബാത് പ്രഭാഷണം പ്രധാനമന്ത്രി തുടങ്ങിയത്. ഈ വര്‍ഷം ഗാന്ധിജിയുടെ നൂറ്റമ്പതാം ജയന്തി വര്ഷാഘോഷമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ ഉത്സവം എങ്ങനെ ആഘോഷിക്കണമെന്നതു സംബന്ധിച്ച് മൈ ജിഒവി വഴി അഭിപ്രായം അറിയിക്കാന്‍ മോദി നിര്‍ദേശിച്ചു.
സ്വച്ഛ് ഭാരതിനൊപ്പം സ്വസ്ഥ് ഭാരതും പ്രധാനപ്പെട്ടതാണെന്ന് മോദി പറഞ്ഞു. മുമ്പ് ആരോഗ്യമന്ത്രാലയം മാത്രമാണ് രാജ്യത്തിന്റെ ആരോഗ്യത്തിനായി പ്രയത്നിച്ചിരുന്നത്. ഇപ്പോള്‍ ആയുഷ് ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ജന്‍ ഔഷധി, ആയുഷ്മാന്‍ ഭാരത്, മെഡിക്കല്‍ കോളേജുകളില്‍ സീറ്റു വര്‍ധിപ്പിച്ചത്, ക്ഷയരോഗ നിവാരണ പ്രചരണം, സ്റ്റെന്റുകളുടെ വിലകുറച്ചത്, മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചെലവു കുറച്ചത് തുടങ്ങി ആരോഗ്യരംഗത്തു തുടക്കം കുറിച്ച വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു.