സേവാഭാരതി മാനുഷികനന്മയുടെ പ്രതീകം: കണ്ണന്താനം

Monday 26 March 2018 2:57 am IST
"undefined"

തിരുവനന്തപുരം: മാനുഷികനന്മയുടെ പ്രതീകമാണ് സേവാഭാരതിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് കാപ്പില്‍ ലെയ്‌നില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും താമസിക്കുന്നതിനായി സേവാഭാരതി പണികഴിപ്പിച്ച അനന്തകൃപ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വേദികളില്‍ ഉദ്‌ഘോഷിക്കുന്ന വാക്കുകളല്ല പകരം സാമൂഹികപ്രതിബദ്ധതയുളവാക്കുന്ന പ്രവര്‍ത്തനമാണ് വേണ്ടതെന്ന് സേവാഭാരതി തെളിയിച്ചു. മനുഷ്യനെ അറിയുകയാണ് വേണ്ടത്. ഏതു മതത്തില്‍ വിശ്വസിച്ചാലും ഉദാത്തമായ പ്രവൃത്തിയാണ് മനുഷ്യനന്മയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ 8.30ന് അനന്തകൃപ മന്ദിരത്തില്‍ പാല് കാച്ചലോടെ ചടങ്ങ് തുടങ്ങി. ഡോര്‍മെറ്ററി, റൂം സൗകര്യമുള്‍പ്പെടെ 120 പേര്‍ക്ക് വസിക്കാനുളള സൗകര്യമാണ് അനന്തകൃപയിലുള്ളത്. മെഡിക്കല്‍കോളേജ്, ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളില്‍ ദൂരദിക്കില്‍ നിന്ന് ചികിത്സ തേടിയെത്തുന്ന നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സൗജന്യഭക്ഷണം, മരുന്നുകള്‍, ആംബുലന്‍സ് സേവനം എന്നിവ ഇവിടെ ലഭ്യമാകും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് നിര്‍മിച്ചത്.

ഉളളൂര്‍ ദേവാമൃതം ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഷിപ്പ്‌യാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മധു എസ്. നായര്‍ അനന്തകൃപയുടെ താക്കോല്‍ സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത് ഹരിക്ക് കൈമാറി. ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞരായ സജിത് നായര്‍, ജി. മുരളീധരന്‍ എന്നിവരെയും കോട്ടൂര്‍ വനമേഖലയില്‍ സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച പൊത്തോട് സെറ്റില്‍മെന്റ് കോളനിയിലെ മൂട്ട് കാണി മല്ലന്‍മൂപ്പനെയും കുടുംബത്തെയും ആദരിച്ചു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിച്ചു.  

എംഎല്‍എ ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സീമാജാഗരണ്‍ ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ആശാ കിഷോര്‍, ഗായകരായ ജി. വേണുഗോപാല്‍, മണക്കാട് ഗോപന്‍, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, സെക്രട്ടറി ഡി. വിജയന്‍, ജില്ലാ വൈസ്പ്രസിഡന്റ് ബി. മനു, കൗണ്‍സിലര്‍ രമ്യ രമേഷ്, അനന്തകൃപ നിര്‍മാണ സമിതി ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.