നദീതട അതോറിറ്റി രൂപീകരിക്കണം: ഭാരതപ്പുഴ സംരക്ഷണം ഉച്ചകോടി

Monday 26 March 2018 2:59 am IST

ന്യൂദല്‍ഹി: നദികള്‍ സംരക്ഷിക്കാന്‍ നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് ഭാരതപ്പുഴ സംരക്ഷണ ഉച്ചകോടി. ജെഎന്‍യു സര്‍വ്വകലാശാലയില്‍ ചേര്‍ന്ന ഭാരതരപ്പുഴ ഉച്ചകോടിയിലാണ് ആവശ്യം ഉയര്‍ന്നത്. അന്തര്‍സംസ്ഥാന നദിയായ ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് അഞ്ചിന കര്‍മ്മ പദ്ധതിയും ഏകദിന ഉച്ചകോടി മുന്നോട്ടുവെച്ചു. 

ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. എം ജഗദീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രീന്‍ ഫീല്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. പ്രേം. സി. ജെയിന്‍  മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലിലൂടെ ഉത്തര-ദക്ഷിണ ബന്ധങ്ങള്‍ ദൃഢമായെന്ന് ഭാരതപ്പുഴ ഉച്ചകോടി ജെഎന്‍യുവില്‍ നടന്നത് സൂചിപ്പിച്ച് വൈസ് ചാന്‍സലര്‍ പ്രൊഫ. എം ജഗദീഷ് കുമാര്‍ പറഞ്ഞു. ഭാരതപ്പുഴയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജെഎന്‍യു പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും നദീ പഠനത്തിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നദികളുടെ സാംസ്‌കാരിക പ്രാധാന്യം ഇന്ത്യയുടെ തനിമയാണെന്ന് ഡോ. പ്രേം.സി.ജെയിന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ നദികളുടെ വീണ്ടെടുപ്പിന് ഗ്രാമീണരുടെ കൂട്ടായ്മ വിജയകരമായി നടപ്പിലാക്കിയ പദ്ധതികള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡോ. കൗശല്‍ കുമാര്‍, ഡോ. നന്ദകുമാര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. 

നിളാ വിചാര വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ ജെഎന്‍യു, ജാമിയാ മിലിയ, ദല്‍ഹി യൂണിവേഴ്‌സിറ്റി, ജമ്മുകശ്മീര്‍ സ്റ്റഡി സെന്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കുഫോസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിനിധികളായി എത്തി. നദികളുടെ ശാസ്ത്രീയതയും ഘടനയും എന്ന വിഷയത്തില്‍ എന്‍. എം കൃഷ്ണനുണ്ണി, കെ.വി രാമാനുജന്‍ തമ്പി, ഡോ. ജയശ്രീ, ഡോ. പങ്കജ് ചന്ദ്രന്‍, പ്രോഫ. സഞ്ജീവ് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കി. തുടര്‍ന്ന് നിള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. 

വൈകിട്ട് സമാപന സമ്മേളനത്തില്‍ ഡോ. കൗശല്‍ കുമാര്‍ സെമിനാര്‍ വിഷയ ക്രോഡീകരണം നടത്തി. അരവിന്ദ് മേനോന്‍  മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നിളാ വിചാര വേദി സ്ഥാപകന്‍ ജെ. നന്ദകുമാര്‍ പുഴ സംരക്ഷണത്തിന് അഞ്ചിന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. പുഴ സംരക്ഷണ ബോധ്യവും പുഴയറിവുകളും പങ്കുവെക്കാന്‍ ജെഎന്‍യു നല്‍കിയ പിന്തുണയ്ക്ക് നിളാ വിചാര വേദിയുടെ കൃതജ്ഞത അദ്ദേഹം അറിയിച്ചു. സംഘാടകരായ വിപിന്‍ കുടിയേടത്ത്, പിഎന്‍ ജയകൃഷ്ണന്‍, പ്രദീപ് നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.