വൃത്തിക്കെട്ട കളി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നാണക്കേടിന്റെ പടുകുഴിയില്‍

Monday 26 March 2018 3:22 am IST
"undefined"

കേപ്ടൗണ്‍: ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട മാര്‍ഗത്തിലൂടെ കളി ജയിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നാണക്കേടിന്റെ പടുകുഴിയില്‍. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി കേപ്ടൗണില്‍ തുടരുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ബൗളിങ് തുടരുകയായിരുന്ന ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പോക്കറ്റില്‍ പ്രത്യേകം സൂക്ഷിച്ചിരുന്ന മഞ്ഞനിറമുള്ള ഉരപേപ്പര്‍ കൊണ്ട് പന്ത് നന്നായി ഉരസിയതിനു ശേഷമാണ് ബൗളര്‍ക്ക് പന്തു നല്‍കിയത്. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാനാണ് ഇങ്ങനെ ചെയ്തത്. 

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അറിവോെടയാണിതെന്നു വ്യക്തമായി. സ്റ്റീവിനെ ടീമില്‍ നിന്നു പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി തന്നെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും ഇതേ ആവശ്യം ഉന്നയിച്ചു. 

പേപ്പര്‍ കൊണ്ട് ബാന്‍ക്രോഫ്റ്റ് പന്തുരയ്ക്കുന്നത് ടെലിവിഷന്‍ ക്യാമറകൡ പതിഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍മാരായ നിഗെല്‍ ലോങ്ങും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും ബാന്‍ക്രോഫ്റ്റിനോട് ഇതെക്കുറിച്ച് ആരാഞ്ഞു. ഫീല്‍ഡിങ്ങിനിടെ വെയ്ക്കാറുള്ള കൂളിങ് ഗ്ലാസ് സൂക്ഷിക്കാനുള്ള പൗച്ച് പോക്കറ്റില്‍ നിന്നെടുത്തു കാണിച്ച് അമ്പയര്‍മാരെ കബളിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ പിടിക്കപ്പെട്ടു എന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നു മനസിലാക്കിയ ബാന്‍ക്രോഫ്റ്റ് മഞ്ഞപേപ്പര്‍ അതിനു മുമ്പ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്നു. 

എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം തത്സമയ സംപ്രേഷണത്തിലൂടെ ലോകം കണ്ടു കഴിഞ്ഞിരുന്നു. ഇതോടെ സ്റ്റീവ് സ്മിത്തും ബാന്‍ക്രോഫ്റ്റും കുറ്റം സമ്മതിച്ചു. മൂന്നാം ദിവസത്തെ കളി കഴിഞ്ഞു നടത്തിയ പത്രസമ്മേളനത്തില്‍ ഇരുവരും കുറ്റം ഏറ്റു പറഞ്ഞു. രാജിവെയ്ക്കില്ല എന്ന നിലപാടിലായിരുന്നു അപ്പോഴും സ്റ്റീവ്. എന്നാല്‍ സമ്മര്‍ദ്ദമേറിയപ്പോള്‍ രാജി അറിയിക്കുകയായിരുന്നു. 

എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ഇരുപത്തഞ്ചുകാരനായ ബാന്‍ക്രോഫ്റ്റ് ഇനിയുള്ള ടെസ്റ്റുകളില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയിനിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനും ക്രിക്കറ്റ് ബോര്‍ഡിനോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ടെസ്റ്റില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുക കൂടി ചെയ്തതോടെ സംഭവത്തില്‍ ഓസീസ് പതനം പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.