ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് അമേരിക്കന്‍ ജനതയുടെ പിന്തുണ

Monday 26 March 2018 9:00 am IST
42 ശതമാനം പേര്‍ ട്രംപിനൊപ്പം നിന്നപ്പോള്‍ 26 ശതമാനം പേര്‍ മാത്രമാണ് കിമ്മിന്റെ അഭിപ്രായമായിരിക്കും കൂടിക്കാഴ്ചയില്‍ നിര്‍ണായകമാവുകയെന്ന് അഭിപ്രായപ്പെട്ടത്.
"undefined"

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അമേരിക്കന്‍ ജനതയുടെ വന്‍ പിന്തുണയെന്ന് റിപ്പോര്‍ട്ട്. ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ കൂടിക്കാഴ്ചയ്ക്കുള്ള പിന്തുണ അറിയിച്ചത്. 63 ശതമാനം പേരാണ് മേയില്‍ നടക്കുമെന്ന് കരുതപ്പെടുന്ന കൂടിക്കാഴ്ചയ്ക്ക് പിന്തുണയറിച്ചത്. അതേസമയം 30 ശതമാനം പേര്‍ കൂടിക്കാഴ്ചയില്‍ എതിര്‍പ്പറിയിച്ചു.

കൂടിക്കാഴ്ചയില്‍ നിര്‍ണായക പങ്കു വഹിക്കുക ട്രംപായിരിക്കുമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. 42 ശതമാനം പേര്‍ ട്രംപിനൊപ്പം നിന്നപ്പോള്‍ 26 ശതമാനം പേര്‍ മാത്രമാണ് കിമ്മിന്റെ അഭിപ്രായമായിരിക്കും കൂടിക്കാഴ്ചയില്‍ നിര്‍ണായകമാവുകയെന്ന് അഭിപ്രായപ്പെട്ടത്. കൂടിക്കാഴ്ച രണ്ടുകൂട്ടര്‍ക്കും ഉപയോഗപ്രദമാകണമെന്നും അല്ലാത്തപക്ഷം അതൊരു പരാജയമായിരിക്കുമെന്നും 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ ഫലമെന്താകുമെന്ന് പ്രവചിക്കുക അസാധ്യമാണെന്നായിരുന്നു 14 ശതമാനം ചൂണ്ടിക്കാട്ടിയത്. 

മാര്‍ച്ച് 18 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് ഫോക്‌സ് ന്യൂസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം ദക്ഷിണകൊറിയന്‍ പ്രതിനിധി സംഘം ഉത്തരകൊറിയ സന്ദര്‍ശിച്ചു മടങ്ങിയതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചയ്ക്കും താന്‍ സന്നദ്ധനാണെന്ന് കിം ജോംഗ് ഉന്‍ അറിയിച്ചത്. ചര്‍ച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം സ്വീകരിച്ച ട്രംപ് മേയില്‍ കൂടിക്കാഴ്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞിരുന്നു. 

ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്താനുള്ള തീരുമാനത്തെ ലോകനേതാക്കളും സ്വാഗതം ചെയ്തിരുന്നു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താക്കള്‍ തുടങ്ങി നിരവധിപ്പേരാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.