ദിലീപിന്റെ ആവശ്യം ക്രൂരം; ദൃശ്യങ്ങള്‍ എന്തിനെന്ന് കോടതി

Monday 26 March 2018 11:35 am IST

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ വച്ച് കണ്ടതല്ലേയെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. 

പ്രതിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാവുന്നതാണ്. പുറത്തുവിടാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് അവയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ ആവശ്യത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വീകാര്യത. ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ വേണ്ടിയാണെന്നും പ്രോസിക്യുഷന്‍ വാദിച്ചു

എന്നാല്‍ ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം ആക്രമിക്കപ്പെട്ട നടിയുടേതാണോ എന്നറിയണം. പോലീസ് ഇക്കാര്യം മറച്ചു പിടിയ്ക്കാന്‍ ശ്രമിക്കുന്നതായും അഭിഭാഷകന്‍ പറഞ്ഞു. ക‍ഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. സര്‍ക്കാരിനോട് നിലപാടറിയിക്കാനും ആവശ്യപ്പെട്ടു. 

ഇരു വിഭാഗവും ഹര്‍ജിയില്‍ വാദത്തിനായി സാവകാശം തേടിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ മാത്രമല്ല പ്രതിയെന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ചില രേഖകളും മൊ‍ഴിപ്പകര്‍പ്പുകളും ഇനിയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു ദിലീപ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.