എന്നെ വിമര്‍ശിക്കുംമുമ്പ് രാഹുല്‍ അമ്മയോട് ചോദിച്ചറിയണം: കുമാരസ്വാമി

Monday 26 March 2018 4:23 pm IST

ബെംഗളൂരു: എന്നെ വിമര്‍ശിക്കും മുമ്പ് രാഹുല്‍ ഗാന്ധി അമ്മയോട് ചോദിച്ചറിയണം കാര്യങ്ങള്‍. രാഹുലിന് കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ എബിസിഡി അറിയില്ലെന്ന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി. അവര്‍ ഞങ്ങളെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോള്‍ ബിജെപിയുടെ ബി ടീമെന്ന് ഞങ്ങളെ വിളിക്കുന്നു, ജനാധിപത്യ സംവിധാനത്തില്‍ ബിജെപിയേക്കാള്‍ അപകടം കോണ്‍ഗ്രസാണ്, ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബിജെപിയോട് ചേരില്ലെന്ന് എന്താണുറപ്പ്,  ദ മിന്റ് വെബ്‌സൈറ്റിനോട് അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.

ഞാന്‍ ബിജെപിയുമായി 2008 ല്‍ ചേരാന്‍ എന്താണ് കാരണം? എന്നെ വിമര്‍ശിക്കും മുമ്പ് രാഹുല്‍ അമ്മയോട് പോയി ചോദിച്ചറിയണം കാര്യങ്ങള്‍. എന്തായിരുന്നു വാഗ്ദാനം, കേന്ദ്ര ഭരണത്തില്‍നിന്നു പുറത്തുപോകാനെന്താണ് കാരണം?

പലവട്ടം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്ത് കോണ്‍ഗ്രസാണ് കൂടുതല്‍ അപകടം. ഞങ്ങള്‍ ബിജെപിയോടൊപ്പം നിന്ന് ആഞ്ഞ് ചുമച്ചാല്‍ കോണ്‍ഗ്രസ് കര്‍ണ്ണാടകത്തില്‍ ഇല്ലാതാകും. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കില്‍ ജനതാദളിന് കോണ്‍ഗ്രസ് നന്ദി പറയണം. വീണ്ടും വീണ്ടും ജനതാദളിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രസംഗിക്കുന്നതുവഴി ബിജെപി പറഞ്ഞതുപോലെ, പുറത്തേക്കുള്ള വഴി അവര്‍ സ്വയം ഒരുക്കുകയാണ്. 

സിദ്ധരാമയ്യ ജനതാദള്‍ വിട്ടു പോയത് വലിയ കാര്യമൊന്നുമല്ല. ഉണ്ടായിരുന്നപ്പോഴും ഞങ്ങള്‍ പണമുണ്ടാക്കി സ്‌റ്റേജ് കെട്ടിയൊരുക്കിക്കൊടുക്കണമായിരുന്നു പ്രസംഗിക്കാന്‍. സിദ്ധരാമയ്യ പോയ ശേഷവും ജനതാദളിനെ ഞാന്‍ 2008 -ല്‍ 28 സീറ്റില്‍ വിജയിപ്പിച്ചു. 2013 -ല്‍ 40 സീറ്റെത്തിച്ചു. ഇത്തവണ 113-ല്‍ എത്തും, എനിക്ക് വിശ്വാസമുണ്ട്. 

അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സിദ്ധരാമയ്യ ബിജെപിയോടൊപ്പം ചേരും. കോണ്‍ഗ്രസില്‍ ഇന്ന് സോണിയയോ രാഹുലോ അല്ല സിദ്ധരാമയ്യയാണ് ഹൈക്കമാണ്ട്; കര്‍ണ്ണാടകരാഷ്ട്രീയത്തിലെ ഏറ്റവും അവസരവാദി, കുമാരസ്വാമി വിമര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.