ഫേസ് ബുക്ക് വീണ്ടും ചോര്‍ത്തല്‍ വിവാദത്തില്‍

Tuesday 27 March 2018 3:31 am IST
"undefined"

വാഷിങ്ടണ്‍: കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ മാപ്പു പറഞ്ഞ് അവസാനിപ്പിക്കാന്‍ ശ്രമിക്കവെ ഫേസ്ബുക്കും സുക്കര്‍ബര്‍ഗും പുതിയ വിവാദത്തില്‍. ആര്‍സ് ടെക്‌നിക്ക എന്ന വെബ്‌സൈറ്റാണ് സുക്കര്‍ബര്‍ഗിനെതിരെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫേസ്ബുക്കും മെസഞ്ചറുമെല്ലാം ഉപയോഗിക്കുന്നവരുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതാണ് പുതിയ കുരുക്ക്. ഫോണുകളിലെ നമ്പറുകള്‍, സന്ദേശങ്ങള്‍, ഫോണ്‍കോളുകളുടെ ദൈര്‍ഘ്യം തുടങ്ങിയവ കൂടി ഫേസ്ബുക്ക് ചോര്‍ത്തിയിരിക്കുന്നു. ഉപയോഗിച്ച നാള്‍ മുതലുള്ള സന്ദേശങ്ങളും കോളുകളുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഫേസ്ബുക്ക് ഓര്‍ത്തുവയ്ക്കുമെന്നതാണ് സാരം. 

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധികൃതര്‍ പുതിയ വിവാദത്തിന് വിശദീകരണവുമായി രംഗത്തെത്തി. ഉപയോക്താക്കളുടെ ഫേസ്ബുക്ക് ഉപയോഗം സുതാര്യവും ലളിതവുമാക്കുന്നതിനാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് വിശദീകരണം. മാത്രമല്ല ഫേസ്ബുക്ക് വഴി കോണ്‍ടാക്ട് ചെയ്യുന്നതിനുള്ള സൗകര്യം എളുപ്പമാക്കുമെന്നും അവര്‍ വാദിക്കുന്നുണ്ട്. 

ഇക്കാലയളവുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണെന്നിരിക്കെ ലക്ഷോപലക്ഷം ആളുകളുടെ ഫോണുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഫേസ്ബുക്ക് ചോര്‍ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ കേംബ്രിജ് അനലിറ്റിക്കയ്ക്കു പുറമെ ഫേസ്ബുക്കിനു മേല്‍ വന്നിരിക്കുന്ന ആരോപണത്തിന്റെ ആഴം വളരെ വലുതാണ്. 

ഫോണുകളില്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണുകളില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പറുകള്‍ ആപ്പിലേക്ക് ഉള്‍പ്പെടുത്താന്‍ അനുമതി ആവശ്യപ്പെടുന്നതു പതിവാണ്. ഇത് അനുവദിച്ചില്ലെങ്കില്‍ ഓരോ നമ്പറുകളുമായി പിന്നീട് ചേര്‍ക്കേണ്ടി വരുമെന്നാണ് പിന്നീട് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍ തന്നെ എല്ലാവരും ഇത് അനുവദിച്ചു കൊടുക്കുന്നുണ്ട്. ഇത് തട്ടിപ്പാണെന്നാണ് ആര്‍സ് ടെക്‌നിക്കയുടെ വെളിപ്പെടുത്തലോടെ പുറത്തായിരിക്കുന്നത്. ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകള്‍ ആവശ്യമേയില്ല. ഇതിന്റെ ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണ്. മാത്രമല്ല ഓപ്ഷനുകള്‍ ചോദിക്കുമ്പോള്‍ ഉപയോക്താവ് യെസ് എന്ന ഉത്തരം നല്‍കുന്നതുകൊണ്ടു മാത്രമാണ് വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കുന്നതെന്നും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. 

ഫേസ്ബുക്ക് ലൈറ്റ്, മെസഞ്ചര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോക്‌സുകള്‍ വരാറുണ്ട്്. ഇതിന്റെയെല്ലാം ഉദ്ദേശ്യം വിവരം ചോര്‍ത്തല്‍ തന്നെയാണ്. എന്നാല്‍ ശേഖരിച്ച വിവരങ്ങളെല്ലാം ആപ് ഡവലപറിനു മാത്രമേ മായ്ക്കാനാകൂ. എന്നിരിക്കിലും ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ വിവരങ്ങള്‍ ഇല്ലാതാക്കുന്നതില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് പറയാനാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.