ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം: ഹിന്ദു ഐക്യവേദി

Tuesday 27 March 2018 2:00 am IST

മാവേലിക്കര: ക്ഷേത്രങ്ങളെയും, ക്ഷേത്രആചാരങ്ങളെയും തകര്‍ക്കുവാനും, ക്ഷേത്രങ്ങളെ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കുവാ നും മതേതര സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ തെളിവാണ് ടി.വി. രാജേഷ് നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍. 

 ഹിന്ദു ഐക്യവേദി  ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭക്തജന സംഘങ്ങളെ മുഴുവന്‍ ജയിലിലാക്കാനാണ് സിപിഎം സര്‍ക്കാരിന്റെ നീക്കം. 

 ക്ഷേത്രങ്ങളില്‍ സാമൂഹ്യാരാധന നടത്തുന്നതു പോലും സംഘം ചേര്‍ന്ന നടപടിയായി ചിത്രീകരിച്ച് ഏതൊരാള്‍ക്കും പോലീസില്‍ പരാതിപ്പെടാനും, നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ തുറങ്കലിലടക്കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിലൂടെ ക്ഷേത്രങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റെത്. 

 മത വര്‍ഗ്ഗീയവാദികളുമായി കൂട്ടു ചേര്‍ന്ന് ഇടതു സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നടപടികള്‍ ഒരു മതേതര സര്‍ക്കാരിനു ഭൂഷണമല്ലെന്നും, ഹിന്ദു ഐക്യവേദി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി. ബാലഗോപാല്‍ അദ്ധ്യക്ഷനായി. 

 ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാ അന്തര്‍ജ്ജനം, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ. സുദര്‍ശന്‍ ജില്ലാ നേതാക്കളായ സി.എന്‍. ജിനു, എസ്. രാമചന്ദ്രന്‍, കെ.ജി. സഹജന്‍, കെ. ജയപ്രകാശ്, അഡ്വ. അശോക് അമ്മാഞ്ചി, മഹിളി ഐക്യവേദി ജില്ലാ നേതാക്കളായ ഗിരിജാ കുമാരി, ബിന്ദു ശിവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.