മെഡിക്കല്‍ കോളേജിലെ ഒപി നഴ്‌സിങ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ വിവാദമായി

Tuesday 27 March 2018 2:00 am IST
മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ പരിശോധന ഉച്ചയ്ക്ക് 2.30ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം വിവാദമാകുന്നു.

 

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ പരിശോധന ഉച്ചയ്ക്ക് 2.30ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം വിവാദമാകുന്നു. 

പ്രിന്‍സിപ്പാലിനെയും ആശുപത്രി സൂപ്രണ്ടിനെയും  മറികടന്നുള്ള ഈ നിര്‍ദ്ദേശത്തിനെതിരെ ഡോക്ടര്‍മാര്‍ക്കിടെയില്‍ അതൃപ്തി പുകയുകയാണ്. പ്രതിഷേധ സൂചകമായി അവര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കി. 

    ഉച്ചയ്ക്ക് 2.30യ്ക്ക് ശേഷം അറ്റന്‍ഡര്‍മാരെ വിട്ട് തരില്ലെന്നും നിശ്ചിത സമയത്തിനകം പരിശോധന പൂര്‍്ത്തിയാക്കണമെന്നും സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടതാണ് വിവാദമായത്. ഉച്ചയ്ക്ക് ശേഷം ഒപിയില്‍ നിന്ന് അറ്റന്‍ഡര്‍മാരെ പിന്‍വലിച്ചതിന് ശേഷം പേര് വിളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. 

രോഗികളുടെ തിരക്ക് മൂലം സമയം കഴിഞ്ഞാലും ഡോക്ടര്‍മാര്‍ പരിശോധന നടത്താറുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നുമായി ദൂരസ്ഥലങ്ങളില്‍ നിന്നുളള രോഗികള്‍ക്കു വേണ്ടി ഒപി സമയം കഴിഞ്ഞാലും പരിശോധന നടത്താറുണ്ട്. എന്നാല്‍ നഴ്‌സിങ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ ഇതിന് വിലങ്ങുതടിയായിരിക്കുകയാണ്. അതുപോലെ അത്യാഹിത വിഭാഗത്തിലും കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ  സേവനം ആവശ്യമുണ്ടെന്ന നിര്‍ദ്ദേശത്തെയും ഡോക്ടര്‍മാര്‍ എതിര്‍ക്കുകയാണ്. സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ആക്ഷേപമുണ്ട്. 

കീഴ്ജീവനക്കാരോടുള്ള സമീപനത്തെക്കുറിച്ചും പരാതിയുണ്ട്. അവധി അനുവദിക്കുന്ന കാര്യത്തിലും ഇത്തരം സമീപനം പ്രകടമാണെന്ന് ജീവനക്കാര്‍ പറയുന്നു. 

എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് നിര്‍ദ്ദേശങ്ങളെന്ന് നഴ്‌സിങ് സൂപ്രണ്ടിന്റെ വിശദീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.