മണര്‍കാട്-മാലം-കരിക്കോട്ടുമൂല പാടശേഖരത്ത് വിളഞ്ഞത് കളകള്‍ മന്ത്രി വിത്തെറിഞ്ഞ പാടത്ത് നഷ്ടമായത് രണ്ടരക്കോടി

Tuesday 27 March 2018 2:00 am IST
നാടിന്റെ ആഘോഷമാക്കി മന്ത്രി വിത്തെറിഞ്ഞു. പിന്നീടങ്ങോട്ട് ആരും തിരിഞ്ഞുനോക്കാതായതോടെ പാടം നിറയെ കളകള്‍ നിറഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് നഷ്ടമായത് രണ്ടരക്കോടിയും.

 

മണര്‍കാട്: നാടിന്റെ ആഘോഷമാക്കി മന്ത്രി വിത്തെറിഞ്ഞു. പിന്നീടങ്ങോട്ട് ആരും തിരിഞ്ഞുനോക്കാതായതോടെ പാടം നിറയെ കളകള്‍ നിറഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് നഷ്ടമായത് രണ്ടരക്കോടിയും. 

തരിശു കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷി ഇറക്കാന്‍ കേരളമാകെ നെട്ടോട്ടം ഓടുന്ന മന്ത്രി സുനില്‍കുമാര്‍ വിത്തിറക്കിയ മണര്‍കാട്-മാലം-കരിക്കോട്ടുമൂല പാടശേഖരത്തിലാണ് കളകള്‍ വിളഞ്ഞത്. ഡിസംബര്‍ രണ്ടിനായിരുന്നു ആഘോഷപൂര്‍വ്വം മന്ത്രി വിത്തിറക്കിയത്. 

മീനച്ചിലാര്‍-മീനന്തറയാര്‍ നദീസംയോജനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. വടവാതൂര്‍-മാലം-കരിക്കോട്ടുമൂല പാടശേഖരം 1100ഏക്കറാണ്. കര്‍ഷകര്‍ ഇവിടെ കൃഷി ഇറക്കിയിട്ട് 10വര്‍ഷത്തിലേറെയായിരുന്നു. പദ്ധതിയുടെ ഭാഗമായി 2കോടി 65ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

നെല്‍ക്കൃഷിക്കാവശ്യമായ വെള്ളം പാടത്ത് ലഭിക്കാറില്ലാത്തതുകൊണ്ടാണ് കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറിയത്. നദീ സംയോജനത്തിന്റെ ഭാഗമായി കൃഷിക്കാവശ്യമായ വെള്ളം മീനച്ചിലാറ്റില്‍ നിന്നും ഈ പാടശേഖരത്ത് എത്തിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. 

എന്നാല്‍ വിത്തിറക്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. വെള്ളം എത്തിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 1.35 കോടി രൂപ എന്ത് ചെയ്‌തെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ജില്ലയിലെ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അനാസ്ഥയാണ് പദ്ധതി പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം.   

നദീ പുനര്‍സംയോജനം കൃഷി വീണ്ടെടുപ്പിന് കരുത്താകുമെന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്. തരിശ്ശിടുന്ന കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞുവച്ചു. മന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷേയോടെ കണ്ട കര്‍ഷകര്‍ ഇപ്പോള്‍ നിരാശയിലാണ്. 

പാലമുറി പാലത്തിന് സമീപം നടന്ന വിതമഹോത്സവത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.