തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പഞ്ചിങ് ഏപ്രില്‍ 1 മുതല്‍

Tuesday 27 March 2018 3:42 am IST
"undefined"

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഏപ്രില്‍ 1 മുതല്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തെ ബോര്‍ഡിന്റെ ആസ്ഥാനത്താണ് പഞ്ചിങ് വരുന്നത്. 

അടുത്ത ഘട്ടത്തില്‍ ഗ്രൂപ്പ് ഓഫീസുകളിലും സബ്ഗ്രൂപ്പ് ഓഫീസുകളിലും ഏര്‍പ്പെടുത്തും. ഇതിന് ശേഷം കൂടുതല്‍ ജീവനക്കാര്‍ ജോലിയെടുക്കുന്ന ക്ഷേത്രങ്ങളിലേക്കും പഞ്ചിങ് സംവിധാനം കൊണ്ടുവരാന്‍ ആലോചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. 

ഏപ്രില്‍ 1 മുതല്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണം ചെയ്യാന്‍ ചീഫ് എന്‍ജീനീയര്‍ക്ക് (ജനറല്‍) നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നാലാം തീയതിയോടെ മാത്രമെ പൂര്‍ണ്ണമായും ബോര്‍ഡ് ആസ്ഥാനത്തെ ജീവനക്കാര്‍ പഞ്ചിങിന് കീഴില്‍ വരുകയുള്ളു.  ഇതോടൊപ്പം ഓഫീസുകളില്‍ ജീവനക്കാരുടെ വരവും പോക്കും ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കുന്നതിന് ക്യാമറയും സ്ഥാപിക്കുന്നുണ്ട്. 

ഗ്രൂപ്പ് ഓഫീസുകളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നതില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നത് വ്യാപക എതിര്‍പ്പിന് ഇടയാക്കുമെന്നാണ് സൂചന. 

ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങളുടെ സമയം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ പഞ്ചിങ് പ്രായോഗികമല്ലെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. മഹാക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ 4ന് നട തുറന്നാല്‍ ഉച്ചയ്ക്ക് 12ന് ആയിരിക്കും അടയ്ക്കുന്നത്. പിന്നീട് വൈകിട്ട് 5ന് തുറന്നാല്‍ അടയ്ക്കുന്നത് എട്ട് മണിക്ക് ശേഷമായിരിക്കും. അതേ സമയം തന്നെ രാവിലെ 9.30ന് നട അടയ്ക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നുള്ള വിലയിരുത്തലാണ് ജീവനക്കാര്‍ക്കിടെയിലുളളത്. ഒരുനേരം മാത്രം പൂജയുള്ള ക്ഷേത്രങ്ങളില്‍ രണ്ട് നേരം പൂജ ഏര്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 

ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തുന്ന ബോര്‍ഡ്, ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. വിലപിടിപ്പുള്ള വസ്തുവകകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല. പല ക്ഷേത്രങ്ങളിലും രാത്രി കാവല്‍ക്കാരുമില്ല. ക്ഷേത്രങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുളള തിരുവാഭരണങ്ങളുടെ കണക്കെടുപ്പിന് തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ ബോര്‍ഡ് ചുമതലപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.