മലപ്പുറത്ത് 60 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

Tuesday 27 March 2018 3:02 am IST
"undefined"

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂരില്‍ 60 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി കാഞ്ഞിരംതടത്തില്‍ അഖില്‍ (23), ആന്ധ്രാപ്രദേശ് റെഡിപേട്ട ചെല്ലൂരി ശ്രീനിവാസ് (22), റെഡിപേട്ട ചോടവാരം നാഗദേവി (22) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞയാഴ്ച ആന്ധ്രയില്‍ നിന്ന് ലോറിയിലെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മാഫിയക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി എസ്‌ഐ കെ. ജലീലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം വേഷംമാറി ആന്ധ്രയിലെത്തി. ഇപ്പോള്‍ പിടിയിലായ അഖിലിനെ ബന്ധപ്പെട്ട് കച്ചവടം ഉറപ്പിച്ച് അഡ്വാന്‍സ് നല്‍കി. കഞ്ചാവ് കേരളത്തിലെത്തിച്ച് നല്‍കിയാല്‍ മുഴുവന്‍ പണവും തരാമെന്ന് വിശ്വസിപ്പിച്ച് പോലീസ് സംഘം മടങ്ങി. 

കഴിഞ്ഞ ദിവസം മൂന്നുപേരടങ്ങുന്ന സംഘം കഞ്ചാവുമായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അങ്ങനെയാണ് ഇന്നലെ ദേശീയപാത വെന്നിയൂരില്‍ വെച്ച് കാറിലെത്തിയ സംഘം പിടിയിലായത്. സ്ത്രീകളെ കാറിന്റെ മുന്‍സീറ്റിലിരുത്തി സഞ്ചരിച്ചാല്‍ പരിശോധനകള്‍ കുറയുമെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രതികള്‍ പോലീസിന് മൊഴിനല്‍കി. ഇത്തരത്തില്‍ അന്‍പതിലേറെ തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും പ്രതികള്‍ പറഞ്ഞു. ഇതോടെ മലപ്പുറത്ത് മൂന്നുമാസത്തിനിടെ മയക്കുമരുന്ന് വസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണം 25 ആയി. ഡിവൈഎസിപി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ സുരേഷ്, എസ്‌ഐ വിശ്വനാഥന്‍, മഞ്ചേരി എസ്‌ഐ കെ. ജലീല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.