തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കണം: ഭാരതീയ വിചാരകേന്ദ്രം

Tuesday 27 March 2018 3:00 am IST
തിരൂരില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. മാതൃഭാഷ സംരക്ഷിക്കാനുള്ള ആദ്യപടി അതില്‍ അഭിമാനം വളര്‍ത്തുകയെന്നതാണ്. ഇതിനുപകരം ഭാഷാപിതാവ് തുഞ്ചത്താചാര്യനെ അപമാനിക്കുന്ന രീതികളാണ് ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചില മതശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങി ആചാര്യന്റെ പ്രതിമ സ്ഥാപിക്കാതിരിക്കുന്നത് ഇതിനു തെളിവാണ്

തിരുവനന്തപുരം: തിരൂരില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കാന്‍  സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. 

മാതൃഭാഷ സംരക്ഷിക്കാനുള്ള ആദ്യപടി അതില്‍ അഭിമാനം വളര്‍ത്തുകയെന്നതാണ്. ഇതിനുപകരം ഭാഷാപിതാവ് തുഞ്ചത്താചാര്യനെ അപമാനിക്കുന്ന രീതികളാണ് ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചില മതശക്തികളുടെ  സമ്മര്‍ദ്ദത്തിന് കീഴടങ്ങി ആചാര്യന്റെ പ്രതിമ സ്ഥാപിക്കാതിരിക്കുന്നത് ഇതിനു തെളിവാണ്.  ഭാഷയോട് അഭിമാനമുണ്ടെന്ന്  പറയുന്ന സാംസ്‌കാരിക നായകര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിഷേധാത്മക മനോഭാവവും നിസ്സംഗതയും മാറ്റണം.

ഏതൊരു ജനതയുടെയും സംസ്‌കാരത്തിന്റെ അടിത്തറയാണ് മാതൃഭാഷ. സംസ്‌കാരം തകര്‍ക്കാനുള്ള എളുപ്പവഴി ഭാഷയെ തകര്‍ക്കലാണ്. സംസ്‌കൃതത്തെ മൃതഭാഷയെന്നും വരേണ്യഭാഷയെന്നും മുദ്രകുത്തിയത് ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറ ഇളക്കുന്നതിനായിരുന്നു. ഭാഷകളുടെ കേദാരമായ ഭാരതത്തില്‍ അവയോട് അപകര്‍ഷതാബോധം വളര്‍ത്തുന്ന നടപടികളാണ് ബ്രിട്ടീഷുകാര്‍ കൈക്കൊണ്ടത്. സ്വാതന്ത്ര്യത്തിനു ശേഷവും അത് തുടര്‍ന്നു.

സംസ്‌കാരസൗകുമാര്യം നിറഞ്ഞുനില്‍ക്കുന്ന പഴയ കവിതകള്‍ക്ക് പാഠ്യപദ്ധതിയില്‍ വിലക്കേര്‍പ്പെടുത്തിയും ഡിപിഇപി പോലുള്ള വികലമായ ബോധനരീതികള്‍ പ്രാവര്‍ത്തികമാക്കിയും ക്ലാസ് മുറികളെ ഭാഷയുടെ ശവപ്പറമ്പാക്കി മാറ്റുകയാണ്. ഭാഷാ സംരക്ഷണത്തിനെന്നുപറഞ്ഞ് സ്ഥാപിക്കപ്പെട്ട മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിലും കാര്യമായി പുരോഗതി ഉണ്ടായില്ലെന്ന് ഭാരതീയവിചാരകേന്ദ്രത്തിന്റെ തിരൂരില്‍ ചേര്‍ന്ന സംസ്ഥാനസമിതിയോഗം വിലയിരുത്തി.  

സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി. 

ജനറല്‍ സെക്രട്ടറി കെ.സി സുധീര്‍ബാബു, ഡോ. സി.ഐ. ഐസക്, കാ.ഭാ. സുരേന്ദ്രന്‍, അഡ്വ. അഞ്ജനാദേവി, ഡോ. കെ.സി. അജയകുമാര്‍, വി. മഹേഷ്. അഡ്വ.  എന്‍. അരവിന്ദന്‍, ശ്രീധരന്‍ പുതുമന തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.