മാര്‍ത്താണ്ഡം കായലിലെ കൈയേറ്റം തോമസ് ചാണ്ടി പൊളിച്ചുനീക്കി

Tuesday 27 March 2018 2:52 am IST
"undefined"

ആലപ്പുഴ: നിയമക്കുരുക്ക് ഭയന്ന് മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണം മുന്‍ മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചു നീക്കിയത്. നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് നീക്കിയത്.

  നിലം നികത്താനായാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തിട്ടുണ്ട്. അനധികൃതമായി നിലംനികത്തിയിതിനെതിരെ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് എല്‍ആര്‍ തഹസീല്‍ദാര്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷതമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കി തുടങ്ങിയത്. 

  കഴിഞ്ഞ വര്‍ഷം മെയ് 24നാണ് മാര്‍ത്താണ്ഡം കായലിലെ പൊതുവഴിയും സര്‍ക്കാര്‍ ഭൂമിയും വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍  കമ്പനിക്ക് കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. 

സംഭവം വിവാദമായതോടെ മാര്‍ത്താണ്ഡത്ത് അനധികൃത നിര്‍മ്മാണം നടത്തിയതായി ചാണ്ടി പത്രസമ്മേളനം നടത്തി സമ്മതിച്ചിരുന്നു. അഞ്ചു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് തോമസ് ചാണ്ടിയുടെ കമ്പനി ചെയതത്. 

   കായലിലെ ഭൂമികയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ ഒക്‌ടോബര്‍ 21നാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറുക എന്ന ലക്ഷ്യത്തോടെ പൊതുറോഡും പുറമ്പോക്കും മണ്ണിട്ട് നികത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

കായലിലെ പുറമ്പോക്കുവഴിയും മിച്ചഭൂമിയും നികത്തി ഭൂമിയുടെ ഘടന മാറ്റിയത് ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്കു നല്‍കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്നതായിരുന്നു.

  ഇനി ചാണ്ടിയുടെ കമ്പനി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പിടിച്ചെടുക്കേണ്ടതുണ്ട്. റവന്യൂ വകുപ്പ് നടപടിയുമായി മുന്നോട്ട് പോയാല്‍ ക്രിമിനല്‍ കേസ് നേരിടേണ്ടി വരുമെന്ന് മൂന്‍കൂട്ടി കണ്ടാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്തതെന്നാണ് കരുതുന്നത്. 

കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചതും ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. 

  ലേക്ക്പാലസ് റിസോര്‍ട്ടിലേക്ക് നിലംനികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മാത്തൂര്‍ ക്ഷേത്രം ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് തോമസ് ചാണ്ടിക്കെതിരെ രാമങ്കരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസും നിലവിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.