ഹൃദയത്തില്‍ വിജയം കൈയൊപ്പ് ചാര്‍ത്തിയ പരിശീലകന്‍

Tuesday 27 March 2018 2:55 am IST
ഇന്ത്യന്‍ വോളിബോളിന്റെ ചരിത്രത്തില്‍ അഭിമാനകരമായ വിജയങ്ങള്‍ സമ്മാനിച്ച പരിശീലകനായിരുന്നു അടുത്തിടെ ഈ ലോകത്തോട് വിടപറഞ്ഞ കലവൂര്‍ എസ്. ഗോപിനാഥ്. കായികരംഗത്തെ സംഭവബഹുലമായ ആ ജീവിതം, വിജയം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും പ്രചോദനമാണ്
"undefined"

ഇന്ത്യന്‍ വോളിബോളിന്റെ ചരിത്രത്തില്‍ അഭിമാനകരമായ വിജയങ്ങള്‍ സമ്മാനിച്ച പരിശീലകനായിരുന്നു അടുത്തിടെ ഈ ലോകത്തോട് വിടപറഞ്ഞ കലവൂര്‍ എസ്. ഗോപിനാഥ്. കായികരംഗത്തെ സംഭവബഹുലമായ ആ ജീവിതം, വിജയം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും പ്രചോദനമാണ്.

ഏതാണ്ട് ഒന്‍പതുവയസ്സു മുതല്‍ വോളിബോള്‍ കളിച്ചുതുടങ്ങി. നാട്ടില്‍ മണ്ണഞ്ചേരി വൈഎംഎയും കണിച്ചുകുളങ്ങര ഹൈസ്‌കൂളും എസ്ഡി കോളജും വേദികളായിരുന്നു. 1954-ല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇന്ത്യ സന്ദര്‍ശിച്ച സിലോണ്‍ വോളിബോള്‍ ടീമിന് എതിരായി മദ്രാസില്‍ താംബരം ക്രിസ്ത്യന്‍ കോളജില്‍ ടെസ്റ്റ് മാച്ച് കളിക്കുവാന്‍ കഴിഞ്ഞു. എയര്‍ഫോഴ്‌സിനെ പ്രതിനിധീകരിച്ച് ഇന്‍ര്‍ സര്‍വീസസില്‍ കളിച്ചു നാല് പ്രാവശ്യം ചാമ്പ്യന്‍ പട്ടം നേടുകയുണ്ടായി. 1959-ല്‍ കമ്പൈന്‍ഡ് സര്‍വീസസ് ടീമില്‍ അംഗമായി. ആ വര്‍ഷം സര്‍വീസസ് ടീമിന് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 1959-ല്‍ രാജകുമാരി അമൃതകൗര്‍ കോച്ചിങ് സെന്ററി(ന്യൂദല്‍ഹി)ലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. 1961-ല്‍ ആരംഭിച്ച എന്‍ഐഎസില്‍ വോളിബോള്‍ കോച്ചായി ആദ്യ ബാച്ചില്‍തന്നെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ കോഴ്‌സില്‍ പങ്കെടുക്കാതെ സെക്കന്റ് അഡ്‌ഹോക് കോഴ്‌സില്‍ പങ്കെടുക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 

അതിനുശേഷം എയര്‍ഫോഴ്‌സിലെ മെയിന്റനന്‍സ് കമാന്റ് ടീമിന്റെ  കോച്ച് ആയി എയര്‍ഫോഴ്‌സ് ആവഡിയില്‍ നിയോഗിക്കപ്പെട്ടു. ഈ ടീമാണ് തുടര്‍ച്ചയായി ആറ് വര്‍ഷം എയര്‍ഫോഴ്‌സ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. 1966-ല്‍ കമ്പൈന്‍ഡ് സര്‍വീസസ് ടീമിന്റെ കോച്ചായി നിയമിക്കപ്പെട്ടു. എതിരാളികള്‍ക്ക് ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം ഹൈദരാബാദില്‍ നേടുകയുണ്ടായി. ഈ അസുലഭ റെക്കോര്‍ഡ് നാളിതുവരെ ഭേദിക്കപ്പെട്ടിട്ടില്ല. എയര്‍ഫോഴ്‌സിലെയും സര്‍വീസസിലെയും സ്‌പോര്‍ട്‌സ് രംഗത്ത്, പ്രത്യേകിച്ച് വോളിബോള്‍ രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളെ മാനിച്ച് എഒസി ഇന്‍ചാര്‍ജ് ഒ.പി. മെഹ്‌റയില്‍നിന്നും കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി. 1969-ല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിക്കുമ്പോള്‍ മേല്‍വിവരിച്ച അഭിമാനകരമായ നേട്ടങ്ങളെ മാനിച്ച് ആവഡി എയര്‍ഫോഴ്‌സിലെ ഫ്‌ളഡ്‌ലിറ്റ് വോളിബോള്‍ സ്റ്റേഡിയത്തിന് 'ഗോപിനാഥ് സ്റ്റേഡിയം' എന്ന് നാമകരണം ചെയ്ത് ആദരിക്കുകയുണ്ടായി.

1970-ല്‍ കേരള കൗണ്‍സില്‍ പ്രസിഡന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെ ആവശ്യപ്രകാരം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായി. 1972 ഡിസംബറില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ വോളി ബോള്‍ കോച്ചായി, എസ്. രാമചന്ദ്രന്‍പിള്ള ഉള്‍പ്പെട്ട സിന്‍ഡിക്കേറ്റ് ബോഡി തെരഞ്ഞെടുത്തു. 1973 മുതല്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം കേരള യൂണിവേഴ്‌സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യന്മാരാക്കാന്‍ കഴിഞ്ഞു. ഈ റെക്കോര്‍ഡും നാളിതുവരെ ആര്‍ക്കും ഭേദിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അടുത്തവര്‍ഷം വെങ്കല മെഡലും പിന്നീട് രണ്ട് വര്‍ഷം സ്വര്‍ണ മെഡലും അതിനുശേഷം ഒരുവര്‍ഷം വെള്ളിമെഡലും നേടാന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള കേരള യൂണിവേഴ്‌സിറ്റി ടീമിനു കഴിഞ്ഞു. കേരള യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ 11 പ്രാവശ്യം മാത്രമാണ് സ്വര്‍ണ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. അതില്‍ ഒമ്പത് പ്രാവശ്യം ഗോപിനാഥിന്റെ കീഴിലുള്ള ടീമാണ് സ്വര്‍ണ മെഡല്‍ നേടിയത്. 1984 ല്‍ എംജി യൂണിവേഴ്‌സിറ്റി രൂപംകൊണ്ടപ്പോള്‍ സേവനം ആ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ കോച്ചായി യൂണിവേഴ്‌സിറ്റീസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് തെഞ്ഞെടുത്തത്. 

അന്ന് ജപ്പാനില്‍ കോബെ എന്ന സ്ഥലത്തു നടക്കുന്ന വേള്‍ഡ് യൂണിവേഴ്‌സ്യാഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിനെ പട്യാലയിലുള്ള എന്‍ഐഎസില്‍ പരിശീലനം നല്‍കുകയുണ്ടായി. ഇതിന്റെ ഫലമായി ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിനെ മദ്രാസില്‍ അന്ന് നടന്ന ഡിപ്പാര്‍ട്ടുമെന്റല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ച് ചാമ്പ്യന്‍പട്ടം നേടാന്‍ കഴിഞ്ഞു. അതോടൊപ്പം തിരുനല്‍വേലിയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് ഫെഡറേഷന്‍ കപ്പ് ഇദംപ്രഥമമായി നേടി ചരിത്രവിജയം കുറിക്കാന്‍ കഴിഞ്ഞു. ഈ റെക്കോര്‍ഡും ഇതുവരെ ഭേദിക്കപ്പെട്ടിട്ടില്ല. 

കേരളത്തിലേക്ക് തിരിച്ചുപോന്നതിനുശേഷം എംജി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ഈ കാലയളവില്‍ യൂണിവേഴ്‌സിറ്റി വനിതാ ടീം ഒമ്പത് പ്രാവശ്യം സ്വര്‍ണ മെഡലും ഒരു പ്രാവശ്യം വെള്ളി മെഡലും ഒരു പ്രാവശ്യം ഓട്ടുമെഡലും നേടിയിട്ടുണ്ട്. പുരുഷ ടീം മൂന്നുപ്രാവശ്യം സ്വര്‍ണമെഡലുകളും നേടി. ഒരു കോച്ചിന്റെ കീഴില്‍ പുരുഷ-വനിതാ ടീമുകള്‍ ഹാട്രിക് വിജയം നേടി ചരിത്രം കുറിച്ചു. ഈ രണ്ടു യൂണിവേഴ്‌സിറ്റികളിലെയും 24 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ ഏതാണ്ട് 140 ഓളം യൂണിവേഴ്‌സിറ്റികള്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ നിന്നായി 21 ഗോള്‍ഡ്, മൂന്ന് സില്‍വര്‍, ആറ് ബ്രോണ്‍സ് മെഡലുകളടക്കം 30 മെഡലുകള്‍ നേടാന്‍ കഴിഞ്ഞത് അപൂര്‍വ നേട്ടമായി നിലനില്‍ക്കുന്നു. 

1989-92 കാലഘട്ടങ്ങളില്‍ നടന്ന ഫെഡറേഷന്‍-കപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി വനിതാ ടീമിന്റെ പരിശീലകനായി നിയോഗിക്കപ്പെട്ടു. ഈ അവസരത്തില്‍ 1990-ല്‍ ബ്രോണ്‍സ് മെഡലും ബാക്കി മൂന്ന് വര്‍ഷം സില്‍വര്‍ മെഡലും നേടി. ഈ നേട്ടങ്ങളിലൂടെ ലഭിച്ച മികവിന് അംഗീകാരം എന്ന നിലയില്‍ എംജി യൂണിവേഴ്‌സിറ്റി രണ്ടുവര്‍ഷത്തെ സര്‍വീസ് നീട്ടിക്കൊടുത്ത് ആദരിച്ചു. 

(കായികരംഗത്തു പ്രവര്‍ത്തിക്കുന്ന 'ക്രീഡാഭാരതി' സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.