ആംബുലന്‍സ് ഡ്രൈവര്‍ കീഴടങ്ങി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Tuesday 27 March 2018 3:08 am IST
"undefined"

മുളങ്കുന്നത്തുകാവ്(തൃശ്ശൂര്‍): അപകടത്തില്‍ പരിക്കേറ്റയാളെ ആംബുലന്‍സില്‍ നിന്നും തലകീഴായി ഇറക്കിയ സംഭവത്തില്‍ കുറ്റക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രോഗി പിന്നീട് ചികില്‍സയിലിരിക്കെ മരിച്ചു. പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ മുഹമ്മദ് ശെരീഫാണ് ഇന്നലെ രാത്രി എട്ടിന് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തില്‍ വിട്ടു. ശെരീഫിനെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അതേസമയം, സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ മൊഴിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനും മുന്‍പാകെ ഹാജരായി മൊഴി നല്‍കിയത്. 

പാലക്കാട് തച്ചുനാട്ടുക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 20ന് ബൈക്കിടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 48 വയസു തോന്നിക്കുന്ന അജ്ഞാതനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്. ഈ രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി സ്ട്രെച്ചറില്‍ ഇറക്കിക്കിടത്തിയതിന്റെ വിഡിയോ ദൃശ്യം സാമുഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രിന്‍സിപ്പാള്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

ഡ്രൈവര്‍ മനഃപൂര്‍വ്വമല്ലാത്ത വീഴ്ച വരുത്തിയെന്നാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട. ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഇതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരാഴ്ച കൂടി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതിനു ശേഷം മറവു ചെയ്യും. സംഭവത്തില്‍  മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.