നെയ്യാറ്റിന്‍കര നഗരസഭയില്‍ എല്‍ഡിഎഫ്-യുഡിഫ് അടി

Tuesday 27 March 2018 3:13 am IST
"undefined"

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി. ഭരണപക്ഷ കൗണ്‍സിലര്‍ക്ക്് വനിതാ കൗണ്‍സിലറുടെ വക ചെകിടത്തടി. ഇന്നലെ രാവിലെയാണ് എല്‍ഡിഎഫ് ഭരണത്തിലുള്ള നഗരസഭയില്‍ എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.

23ന് നഗരസഭയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ചര്‍ച്ച ഇന്നലെയാണ് നിശ്ചയിച്ചിരുന്നത്. രാവിലെ ചര്‍ച്ച ആരംഭിച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നഗരസഭാ ഹാളിനുള്ളില്‍ നിന്നും  ഇരുവിഭാഗങ്ങളുടെയും ശബ്ദം ഉയര്‍ന്നിരുന്നു. നഗരസഭാ പരിധിയിലെ ഈരാറ്റിപുറത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയം സെക്രട്ടറി കൃത്യമായി പറഞ്ഞതിന് ശേഷം ബജറ്റിന്റെ ചര്‍ച്ചയിലേയ്ക്ക് പോയാല്‍ മതിയെന്ന് പ്രതിപക്ഷ സ്ഥാനത്തുള്ള കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ വാദിച്ചു. എന്നാല്‍ അതിന് മറുപടി നല്‍കാതെ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും ചര്‍ച്ച ആരംഭിച്ചു.

പ്രകോപിതനായ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ ചെയര്‍പേഴ്‌സന്റെ സീറ്റിലെത്തി വാക്കേറ്റം നടത്തി. തുടര്‍ന്ന് ഗ്രാമം പ്രവീണിനെ ഭരണപക്ഷത്തിലെ കൗണ്‍സിലര്‍ പി.മുരുകന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. 

ഇതു കണ്ട വനിതാ കൗണ്‍സിലര്‍ ലളിത, മുരുകന്റെ കരണത്തടിച്ച് തള്ളിയിട്ടു. മണിക്കൂറോളം സംഘര്‍ഷാന്തരീക്ഷമായി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അസഭ്യവാക്കുകളോടെ പോര്‍വിളിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം മറ്റ് കൗണ്‍സിലര്‍മാര്‍ മൂന്നു പേരെയും അവരുടെ കസേരകളില്‍ ഇരുത്തി സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടയിലും ഭരണ പക്ഷം ബജറ്റ് ചര്‍ച്ച തുടര്‍ന്നു.

ബിജെപി ബഹിഷ്‌കരിച്ചു

നെയ്യാറ്റിന്‍കര നഗരസഭയിലെ ബജറ്റ് ബിജെപി പാര്‍ലമെന്റെറി പാര്‍ട്ടി ബഹിഷ്‌കരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ വാഗ്ദാനങ്ങളില്‍ ഒതുങ്ങുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികളെ തങ്ങളുടേതായ പദ്ധതികളായി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.