നിയമനത്തില്‍ മുഖ്യമന്ത്രിയുടേത് കാട്ടുനീതി: യുവമോര്‍ച്ച

Tuesday 27 March 2018 2:16 am IST
"undefined"

നന്മണ്ട (കോഴിക്കോട്): കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് 15 മാസം കഴിഞ്ഞിട്ടും നിയമനം നല്‍കാതെ മുഖ്യമന്ത്രി കാട്ടുനീതിയാണ് നടപ്പിലാക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയില്‍ പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ച 4051 ഉേദ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഗതാഗത മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും ബന്ധുക്കള്‍ക്ക് ആറക്ക ശമ്പളത്തില്‍ നിയമനവും, പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞവര്‍ക്ക് സമരവുമെന്ന ഇരട്ട നീതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രകാശ്ബാബു പറഞ്ഞു. നിയമന നിരോധനം സര്‍ക്കാറിന്റെ നയമല്ലെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പിന്‍വാതില്‍ നിയമനം. പിഎസ്‌സിയെ വരിഞ്ഞുകെട്ടി നിയമനാധികാരങ്ങളെല്ലാം എകെജി സെന്ററിനും പാര്‍ട്ടി ഓഫീസുകള്‍ക്കും കൈമാറിയിരിക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു.

ഒരുവശത്ത് ധൂര്‍ത്തിന് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് നിയമനനിരോധനം നടപ്പിലാക്കുന്നത് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും 'തൊഴില്‍ അല്ലെങ്കില്‍ മരണം' എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച സെക്രട്ടറിയേറ്റ് വളയുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. സാലു സമരത്തില്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ബബീഷ് ഉണ്ണികുളം, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ്ആര്‍. ബിനീഷ്, നേതാക്കളായ വിവേക് കുന്നത്ത്, രാജേഷ് പുത്തഞ്ചേരി, പ്രബീഷ് ചെമ്പ്ര, വിഷ്ണു മോഹന്‍, അബിന്‍, ബിജിലാല്‍, ധനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.