തണ്ണീര്‍മുക്കം ബണ്ടിനായി കായല്‍ നികത്താന്‍ തീരുമാനിച്ചിട്ടില്ല

Tuesday 27 March 2018 2:22 am IST

കൊച്ചി : തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കായല്‍ നികത്താനോ ടൂറിസം പദ്ധതികള്‍ തുടങ്ങാനോ തീരുമാനിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.  2011 ലെ തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

തണ്ണീര്‍മുക്കം ബണ്ട് റോഡിന്റെ ഇരുവശങ്ങളിലുമായി കായല്‍ നികത്തി കൃത്രിമ ദ്വീപുകളുണ്ടാക്കി ടൂറിസം പദ്ധതി നടപ്പാക്കാന്‍ നീക്കമുണ്ടെന്നും ഇതു തീര സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ആരോപിച്ച് ആലപ്പുഴ സ്വദേശി എന്‍ആര്‍ ഷാജിയടക്കം രണ്ടുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. 31 ഷട്ടര്‍ വീതമുള്ള മൂന്ന് ഘട്ടമായാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണം തീരുമാനിച്ചിരുന്നത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായെങ്കിലും മൂന്നാം ഘട്ടം പൂര്‍ത്തിയായിരുന്നില്ല. ഇതിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒപ്പം ആദ്യ ഘട്ടങ്ങളിലെ ഷട്ടറുകള്‍ പുന: സ്ഥാപിക്കുന്ന ജോലിയും നടക്കുന്നുണ്ട്. ബണ്ടിന്റെ പടിഞ്ഞാറ് തണ്ണീര്‍മുക്കം ഭാഗത്തും കിഴക്ക് വെച്ചൂര്‍ ഭാഗത്തുമായുള്ള രണ്ട് തുരുത്തുകളുമായി ബണ്ടിന്റെ മൂന്നാം ഘട്ടത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഈ തുരുത്തുകള്‍ പുതിയതായി നികത്തിയതല്ലെന്നും കുട്ടനാട് പാക്കേജിന്റെ പ്രൊജക്ട് ഡയറക്ടര്‍ക്കു വേണ്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. ഹിരണ്‍ബാബു നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.