കൊല്‍ക്കത്ത: മികച്ച ഫോം നിലനിര്‍ത്തുന്ന കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിലെ അവസാന ലീഗ്് മത്സരത്തിനിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബംഗാളാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍ക്കാത്ത ഈ ടീമുകള്‍ തമ്മിലുള്ള പോരാട്ടം ഗ്രൂപ്പ് എയിലെ ജേതാക്കളെ നിശ്ചയിക്കും. മോഹന്‍ ബഗാന് സ്റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ വീതം നേടിയ കേരളത്തിനും ബംഗാളിനും ഒമ്പത് പോയിന്റു വീതമുണ്ട്. പക്ഷെ എതിരാളികളുടെ വലയില്‍ കൂടുതല്‍ ഗോളുകള്‍ അടിച്ചുകയറ്റിയ കേരളം ഗോള്‍ ശരാശരിയില്‍ ബംഗാളിനെ പിന്തള്ളി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗ്രൂപ്പ് എ യില്‍ നിന്ന് ഇരു ടീമുകളും സെമിഫൈനല്‍ ഉറപ്പാക്കിക്കഴിഞ്ഞു.
കളിച്ച കളികളിലൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കേരളത്തിനാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. അതേസമയം സ്വന്തം കാണികള്‍ക്ക്് മുന്നില്‍ കളിക്കുന്നത് ബംഗളിന് പ്രതീക്ഷ നല്കുന്നു.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മണിപ്പൂരും മഹാരാഷ്ട്രയും ഏറ്റുമുട്ടും. ഹൗറ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണീ മത്സരം. മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്റുള്ള മഹാരാഷ്ട്രയും അത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമാത്രം നേടിയ മണിപ്പൂരും സെമികാണാതെ പുറത്തായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: