പെണ്‍കുട്ടിയെ കാണാനില്ലെന്ന് അച്ഛന്റെ പരാതി

Tuesday 27 March 2018 2:40 am IST
"undefined"

പത്തനംതിട്ട: വിദ്യാര്‍ത്ഥിനിയായ മകളെ കാണാതായതായി അച്ഛന്റെ പരാതി. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്ന മരിയ ജയിംസി(20)നെ  കാണാനില്ലെന്ന് കാട്ടി  വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രിക്കു കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്ന് ജെയിംസും സഹോദരന്‍ ജയ്‌സും ബന്ധുക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു. 

കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. പഠനാവധിയിലായിരുന്ന ജസ്ന അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്ന് അടുത്ത വീട്ടില്‍ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലേക്കു പോയത്. മൊബൈല്‍ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളുമെടുക്കാതെയാണ് ജസ്ന വീട്ടില്‍ നിന്നു പോയത്. 

ജസ്നയെ കാണാതായ കേസ് വനിതാ പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേശ് കുമാര്‍ പറഞ്ഞു. നിരവധി ആളുകളെ ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ജസ്ന ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ല. പഠനത്തില്‍ മിടുക്കിയായ ജസ്നയ്ക്ക് കോളേജിലോ പുറത്തോ മറ്റ് ബന്ധങ്ങളുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നും എസ്ഐ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.