ചെങ്ങന്നൂരിലെ ഇടത്താവളം കേന്ദ്രപണം കൊണ്ടുതന്നെ: കുമ്മനം

Tuesday 27 March 2018 3:43 am IST
"undefined"

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഇടത്താവള സമുച്ചയത്തിന്റെ കാര്യത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിരത്തുന്ന വാദങ്ങള്‍ അസംബന്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇടത്താവള നിര്‍മ്മാണം കേന്ദ്രഫണ്ടുപയോഗിച്ചാണെന്ന് കുമ്മനം ഫേസ്ബുക്കിലെ കുറിപ്പില്‍ വ്യക്തമാക്കി. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കാളിത്തവും ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണ്.

കെട്ടിടം പണിയുന്നതിനുള്ള ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത് കേന്ദ്ര കമ്പനികളാണ്. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കീഴില്‍ നൂറോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് കേന്ദ്ര സര്‍ക്കാരിനെ ഇതിന് ആശ്രയിക്കുന്നത്? കാരണം  കൈയിട്ടുവാരി വിഴുങ്ങി  പൊതുമേഖലാ സ്ഥാപനങ്ങളെ അഷ്ടിക്ക് വകയില്ലാത്ത ഗതിയിലാക്കി. 

കേരളത്തിലെ ഏതെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്രയും പണം മുടക്കാന്‍ ഗതിയുണ്ടോ? സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് കോടികള്‍ വരുമാനമുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ധാര്‍മ്മിക ബാധ്യതയല്ലേ? അതിനുള്ള തടസം  എന്താണെന്ന് മന്ത്രി വിശദീകരിക്കണം. 30 വര്‍ഷത്തെ പാട്ടക്കാലാവധിയിലാണ് ദേവസ്വം വകുപ്പ് പെട്രോള്‍ പമ്പ് പണിയാന്‍ എണ്ണക്കമ്പനികള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നത്. ചെങ്ങന്നൂരിന് പകരമായി നല്‍കുന്ന വണ്ടാനത്തെ ഭൂമി വില അനുസരിച്ച് 4.12 കോടി രൂപയാണ് പാട്ടം ഇനത്തില്‍ എണ്ണക്കമ്പനി ദേവസ്വത്തിന് നല്‍കേണ്ടത്. എന്നാല്‍ കമ്പനി ഇവിടെ ചെലവഴിക്കുന്നത് 10 കോടിയാണ്. കേരളത്തില്‍ മൊത്തം 11 ഇടത്താവളങ്ങള്‍ക്കായി പാട്ടം ഇനത്തില്‍ 41.87 കോടി രൂപ മാത്രമേ കമ്പനി ചെലവഴിക്കേണ്ടതുള്ളൂ. എന്നാല്‍ 86.82 കോടിയാണ് കേന്ദ്ര കമ്പനിയുടെ മുതല്‍ മുടക്ക്. ഈ ഇടപാടില്‍ എന്താണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അനുവദിക്കുന്ന സൗജന്യം?  അദ്ദേഹം ചോദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.