പര്‍ദ്ദയിട്ട സ്ത്രീകള്‍ ചലിക്കുന്ന ഖബറുകള്‍ പോലെ: വി.പി. സുഹ്‌റ

Tuesday 27 March 2018 3:44 am IST
"undefined"

കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ കണ്ണുമാത്രം പുറത്ത് കാട്ടി പര്‍ദ്ദ ഇട്ട് നടക്കുന്നത് ചലിക്കുന്ന ഖബറുകള്‍ പോലെയാണെന്ന് പ്രോഗ്രസ്സീവ് മുസ്ലിം വുമണ്‍സ് ഫോറം-നിസ അധ്യക്ഷ വി.പി. സുഹ്‌റ. ഫാറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീവിരുദ്ധ പരമാര്‍ശത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഹ്‌റ.

സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ മുസ്ലിംലീഗിന് എന്തിനാണിത്ര ആകുലത യെന്ന് സുഹ്‌റ ചോദിച്ചു. സ്ത്രീകള്‍ക്ക് നേരെ എന്ത് കാണിച്ചാലും കുറ്റവാളികളെ രക്ഷിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. സ്ത്രീകളെ കുറ്റം പറയുന്നവര്‍ക്ക് എങ്ങനെ പുരോഗമനം പറയാനാകും. പര്‍ദയ്ക്കടിയിലിട്ട ലെഗ്ഗിന്‍സ് നോക്കേണ്ട ആവശ്യം ഇവര്‍ക്ക് എന്താണ്? ഇതൊക്കെ നോക്കാന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇനിയുള്ള കാലം ഇതൊന്നും നടക്കില്ലെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കണം. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാനുള്ള മുസ്ലിംലീഗിന്റെ നിലപാടുകള്‍ തിരുത്തേണ്ട കാലമായെന്നും   ലീഗ് നിലപാട് മാറ്റാന്‍ തയ്യാറാകണമെന്നും സുഹ്‌റ ആവശ്യപ്പെട്ടു.

ഫാറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം അധ്യാപകവൃത്തിയോടുള്ള അനാദരവും പൊറുക്കാനാകാത്ത കുറ്റവുമാണ്. തന്റെ വിദ്യാര്‍ത്ഥിനികളെ വത്തക്കപോലുള്ള കച്ചവട വസ്തുവാക്കി സംസാരിച്ച അധ്യാപകന്‍ ആ ജോലിയോടുള്ള അനീതിയാണ് കാണിച്ചത്. മതപ്രസംഗം നടത്തുന്ന ആളെ അധ്യാപകനായി വയ്ക്കുമ്പോള്‍ എത്ര ഉന്നത വിദ്യാഭ്യാസമുള്ള ആളായാലും ഇങ്ങനെയേ സംഭവിക്കൂ. പെണ്‍കുട്ടികളോട് മാന്യമായി പെരുമാറാനറിയാത്ത ചില അധ്യാപകര്‍ സ്ഥാപനത്തിന്റെ അന്തഃസത്തയെ മറക്കുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും വനിതാ കമ്മീഷനില്‍ നിന്നും സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. അധ്യാപകനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കും. അധ്യാപകനെതിരെ ശിക്ഷാ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുമായി ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കുമെന്നും സുഹ്‌റ പറഞ്ഞു. ടി.എം. മുതാസ്, സക്കീന എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.