കീഴാറ്റൂരില്‍ തലയൂരാന്‍ പിണറായി ദല്‍ഹിയില്‍

Tuesday 27 March 2018 3:30 am IST

ന്യൂദല്‍ഹി: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം  സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയായി മാറിയ സാഹചര്യത്തില്‍ ഏതുവിധേനയും തലയൂരാന്‍  പിണറായി സര്‍ക്കാര്‍ ശ്രമമാരംഭിച്ചു. ബൈപ്പാസിന്റെ  അലൈന്‍മെന്റ് മാറ്റാനുള്ള സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടേക്കും. ഇതിന് അനുമതി തേടിയിട്ടുണ്ട്. അലൈന്‍മെന്റ് മാറ്റാനോ  എലിവേറ്റഡ് പാത ആലോചിക്കാമെന്ന് കേന്ദ്രത്തെക്കൊണ്ട് പറയിപ്പിക്കാനോ ആണ് ശ്രമം.  എന്നാല്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇനിയും സമയം അനുവദിച്ചിട്ടില്ല. 

 വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബഹുജന സമരം ശക്തമായതോടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഎം ആലോചിക്കുന്നത്. 

ആകാശപ്പാതയെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ മറ്റെല്ലാ ബദല്‍ മാര്‍ഗ്ഗങ്ങളും ഇല്ലാതായാല്‍ മാത്രമേ ആകാശപ്പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് സമരരംഗത്തുള്ള വയല്‍ക്കിളികളുടെ നിലപാട്. ആകാശപ്പാതയോട് ദേശീയപാതാ അതോറിറ്റിയും അനുകൂലമല്ല. ആദ്യം പരിഗണിച്ച ചില പ്ലാനുകള്‍ വീണ്ടും ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയെ കണ്ട് ആകാശപ്പാതയെന്ന ആവശ്യം മുന്നോട്ടുവെയ്ക്കാന്‍ സംസ്ഥാനത്തിന്റെ ശ്രമം. 

പ്രശ്‌നം കൈവിട്ടുപോയെന്ന തിരിച്ചറവിലാണ് പാര്‍ട്ടിയും സര്‍ക്കാരും. ആദ്യം തന്നെ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കാമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നശിപ്പിച്ചു. പിന്നാലെ മന്ത്രി സുധാകരന്റെ കഴുകന്‍, എരണ്ട തുടങ്ങിയ പ്രയോഗങ്ങള്‍ സമരക്കാരെ കൂടുതല്‍ വെറുപ്പിച്ചുവെന്നും സര്‍ക്കാര്‍ കരുതുന്നു. സമരക്കാര്‍ക്ക് ഒരു ജനപിന്തുണയുമില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഞായറാഴ്ച നടന്ന വയല്‍ക്കിളികളുടെ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട്  ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ചു. ഇത് പാര്‍ട്ടിയെ ഞെട്ടിച്ചത് തെല്ലൊന്നുമല്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് മാര്‍ച്ച്  തടയാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും  കടുത്ത ആശങ്ക കാരണമാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. ഇനി സമരം മുന്നോട്ടുപോയാല്‍ ലോങ് മാര്‍ച്ച് അടക്കമുള്ളവ വരുമെന്നുറപ്പ്. അത് പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ ക്ഷീണമാകും. അതിനാല്‍ ഏതുവിധേനയും തലയൂരാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.