നാടകം തന്നെ ജീവിതം

Tuesday 27 March 2018 8:45 am IST
എന്നു തുടങ്ങി എന്ന് ഗവേഷണം നടത്തി കണ്ടെത്താവുന്ന വിഷയമാണ് നാടകവേദിയുടെ പിറവി എന്ന് തോന്നുന്നില്ല. മനുഷ്യന്റെ സമാന ജീവിതം എന്ന നിലയില്‍ എപ്പോഴും അവനൊപ്പം ഉണ്ടായിരുന്നു എന്ന നിലയില്‍ ഒരു തുടക്കത്തിയതി നാടകവേദിക്കില്ല. ചൂട്ടിന്റെയോ തീവെട്ടിയുടേയോ വെളിച്ചത്തില്‍ അത് എന്നോ ആരംഭിച്ചിരിക്കാം. അല്ലെങ്കില്‍ വെളിച്ചമില്ലാതെ അതിനുമുന്‍പും
"undefined"

എന്നു തുടങ്ങി എന്ന് ഗവേഷണം നടത്തി കണ്ടെത്താവുന്ന വിഷയമാണ് നാടകവേദിയുടെ പിറവി എന്ന് തോന്നുന്നില്ല. മനുഷ്യന്റെ സമാന ജീവിതം എന്ന നിലയില്‍ എപ്പോഴും അവനൊപ്പം ഉണ്ടായിരുന്നു എന്ന നിലയില്‍ ഒരു തുടക്കത്തിയതി നാടകവേദിക്കില്ല. ചൂട്ടിന്റെയോ തീവെട്ടിയുടേയോ വെളിച്ചത്തില്‍ അത് എന്നോ ആരംഭിച്ചിരിക്കാം. അല്ലെങ്കില്‍ വെളിച്ചമില്ലാതെ അതിനുമുന്‍പും. 

എന്നാല്‍ ഇന്നുകാണുംവിധമുളള നാടകരൂപത്തിന്റെ പിറവി ക്രിസ്തുവിന് അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു. നാടകത്തിന്റെ ഗര്‍ഭഗൃഹം എന്നു വിശേഷണമുള്ള ഗ്രീസില്‍ ഏസ്‌കലീസിന്റെ രചനകളാണ് ഇത്തരം നാടകവേദിക്ക് ജന്മം നല്‍കിയത്. പിന്നീട് സോഫോക്‌ളീസിന്റേയും യൂറിപ്പിഡീസിന്റേയും വരവായി. രണ്ട് കഥാപാത്രങ്ങളും കോറസുമായിരുന്നു ഏസ്‌ക്കലീസിന്റെ നാടകങ്ങളില്‍ ഉണ്ടായിരുന്നത്. മിക്കവാറും പൊതു മനുഷ്യനേയും ചിലപ്പോള്‍ ദൈവങ്ങളേയും പ്രതീകവല്‍ക്കരിച്ചുള്ള കഥാപാത്രങ്ങളായിരുന്നു.

നാടക രചനയും അവതരണവുമായി ബന്ധപ്പെട്ട് പിന്നീട് ആരോഗ്യപരമായൊരു ഉണര്‍വുണ്ടാകുന്നത് 1576ല്‍ ലണ്ടനില്‍ നാടകഗൃഹം സ്ഥാപിച്ചതോടെയാണ്.ഷേക്‌സ്പിയര്‍ നാടകങ്ങളുടെ രചനയും അവതരണവുമുള്ള കാലമായിരുന്നു ഇത്്. സംസ്്കൃത നാടകങ്ങള്‍ക്കുള്ള ഇടം എന്നനിലയിലാണ് ഇന്ത്യയില്‍ ക്രിസ്തുവിന് മുന്‍പ് രണ്ടാംനൂറ്റാണ്ടില്‍ നാടകവേദിയുടെ പിറവി. ഒരു സമാധാന കാലത്തിന്റെ സ്പന്ദനമുള്ള ദീര്‍ഘനാലുകളില്‍ തന്നെയാണ് ഇന്ത്യ നാടകവേദിയുടെ വസന്തം എന്നാണ് നിയത ചരിത്രരേഖ. അതു നൂറ്റാണ്ടുകളോളം പിന്‍തുടര്‍ന്നുവെന്നതും അനുബന്ധമായി വായിക്കണം. പിന്നീട് നാടകവേദിയുടെ ആധുനികകാലം വരുന്നത് രവീന്ദ്രനാഥ ടാഗോറിന്റെ നാടകങ്ങളോടെയാണ്. തുടര്‍ന്ന് ഇന്ത്യയിലുടനീളം പടര്‍ന്നേറുകയായിരുന്നു നാടകവേദി.

കേരളത്തിലെന്നല്ല ഇന്ത്യയിലുടനീളം ഇന്നുകാണുന്ന വിവിധ തരം നാടകങ്ങളുടെ ആദ്യരൂപം ഒപ്പരേ എന്നോ ബാലെ എന്നോ പറയാവുംവിധം തികച്ചും രംഗാവിഷ്‌ക്കാരമായിരുന്നു പിന്നീടാണ് നാടക രചനയുടെ സാംഗത്യത്തിലേക്ക് നാടകം കടക്കുന്നത്. എന്നാലും അടിസ്ഥാനപരമായി നാടകം രംഗത്തവതരിപ്പിക്കുമ്പോള്‍ മാത്രമേ നാടകമാവൂ എന്ന വിചാരമാണ് പ്രബലം. നാടകം വായിക്കാനോ കേള്‍ക്കാനോ ഉള്ളതുമാത്രമല്ല.

വിവിധ തരത്തിലുളളതാണെങ്കിലും പ്രൊഫഷണല്‍-അമേച്വര്‍ എന്നിങ്ങനെ നാടകങ്ങളെ രണ്ടുവിധത്തില്‍ കണക്കാക്കുന്ന നമ്മുടെ നാടകവിചാരങ്ങളില്‍ ഒരുപക്ഷേ ഇന്നും കത്തിനില്‍ക്കുന്നത് പ്രൊഫഷണല്‍ നാടകങ്ങള്‍ തന്നെയാണ്. അവ സാധാരണക്കാരന്റെ മനോവിചാരങ്ങളുമായി സംവദിക്കുന്നവയാണ്.പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രാത്രികളില്‍ പലതും നാടകരാവുകളുടേതായിരുന്നു.നാടകം കലയോടൊപ്പം നൂറുകണക്കായ നാടകപ്രവര്‍ത്തകരുടെ ജീവോപാധി കൂടിയായിരുന്നു.അന്ന് സിനിമയെക്കാള്‍ കമ്പം നാടകത്തോടും സിനിമാ താരങ്ങളെക്കാള്‍ ഇഷ്ടം നാടക അഭിനേതാക്കളോടുമായിരുന്നു. കെ.ടി.മുഹമ്മദ്, എന്‍.എന്‍.പിള്ള, തിക്കോടിയന്‍, തോപ്പില്‍ ഭാസി, എസ്.എല്‍.പുരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കണിയാപുരം രാമചന്ദ്രന്‍, എന്‍.ബി.ത്രിവിക്രമന്‍ പിള്ള, വര്‍ഗീസ് പോള്‍, എന്‍.എന്‍.ഇളയത്. ദിനേശ് പളളത്ത്, ഫ്രാന്‍സിസ്.ടി.മാവേലിക്കര, ശ്രീമൂലനഗരം വിജയന്‍, എന്‍.എന്‍.ഗണേശ് എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ നാടക രചയിതാക്കളും സംവിധാകരും ആയിരക്കണക്കിന് മറ്റു നാടക പ്രവര്‍ത്തകരും അടങ്ങിയ ഈ രംഗം വളരെ ജനകീയമായിരുന്നു.അതുകൊണ്ടു തന്നെ നിരവധി നാടക സമിതികളും അന്നുണ്ടായിരുന്നു. കൊല്ലത്ത് നാടക ബുക്കിങ്ങിനായി മാത്രം അന്‍സാര്‍ ലോഡ്ജ് എന്നൊരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു.

 ഇന്നു നാടകരാവുകള്‍ കൊഴിഞ്ഞുപോയിരിക്കുന്നു. പ്രൊഫഷണല്‍ നാടകങ്ങളാകട്ടെ കുറവും. അമേച്വര്‍ നാടകങ്ങളാകട്ടെ രൂപത്തിലും ഭാവത്തിലുമായി വല്ലാതെ മാറിപ്പോയിട്ടുമുണ്ട്. വലിയ ശക്തിയാണ് നാടകങ്ങള്‍ക്ക്. ജനത്തെ ബോധവല്‍ക്കരിച്ച് ചീത്ത ഭരണകൂടങ്ങള്‍ക്കെതിരെ തിരിയാന്‍പോലും നാടകം പ്രേരിപ്പിക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.