കിം ജോങ് ഉന്‍ ചൈനയിലെത്തിയതായി അഭ്യൂഹം

Tuesday 27 March 2018 10:17 am IST
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, കിമ്മിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല
"undefined"

ബീജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.  എന്നാല്‍, കിമ്മിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഡാങ്ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബീജിങില്‍ ആചാരപരമായ വരവേല്‍പ്പ്  കിം ജോങിന് ലഭിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. 

കിം ചൈനയിലെത്തിയതെന്ന് കരുതുന്ന ഒരു ട്രെയിനിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ഉത്തര കൊറിയയുടെ നേതാക്കള്‍ വിദേശയാത്രകള്‍ക്ക് ഉപയോഗിക്കാറുള്ള തരം പഴയ രീതിയിലുള്ള ഒരു തീവണ്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷയും പോലീസ് സാന്നിധ്യവും വീഡിയോയില്‍ വ്യക്തമാണ്. കൂടാതെ, ടിയാന്‍മെന്‍ സ്‌ക്വയര്‍ അടക്കം സുപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉത്തര കൊറിയ ലോകത്തെ പല പ്രധാന രാജ്യങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തില്‍ കിം ചൈനീസ് നേതാക്കളെ കാണുന്നതിന് വലിയ പ്രാധാന്യമാണ് ലോക മാധ്യമങ്ങള്‍ നല്‍കുന്നത്. അമേരിക്കന്‍ പ്രസിഡന്റുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായും കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.