സൂപ്പര്‍ ഫാസ്റ്റുകളില്‍ നിര്‍ത്തരുത്

Tuesday 27 March 2018 1:31 pm IST
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
"undefined"

കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ട് സര്‍വീസ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ബസുകളില്‍ നിയമം ലംഘിച്ച് യാത്രക്കാരെ നിറുത്തി കൊണ്ടുപോവുകയും ഉയര്‍ന്ന കൂലി വാങ്ങുകയുമാണെന്നാരോപിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. 

സൂപ്പര്‍ ക്ലാസ് കാറ്റഗറി ബസുകളില്‍ യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കാന്‍ നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വന്‍തുക യാത്രക്കൂലിയായി ഈടാക്കുന്നുണ്ടെന്നും ഇത്തരത്തില്‍ മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി.

സൂപ്പര്‍ ക്ലാസ് വിഭാഗത്തിലെ ബസുകളില്‍ യാത്രക്കാര്‍ക്ക് തിക്കും തിരക്കുമില്ലാതെ സുഖമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും ഇതിനായി കൂടുതല്‍ തുക ഈടാക്കാമെന്നുമുണ്ട്. ഇതനുസരിച്ചാണ് സൂപ്പര്‍ ക്ലാസ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇത്തരം ബസുകളില്‍ യാത്രക്കാരെ നിറുത്തി കൊണ്ടുപോകാനാവുമെന്ന് കെഎസ്ആര്‍ടിസിക്ക് അഭിപ്രായമില്ല. ആ നിലയ്ക്ക് ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താതെ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ സൂപ്പര്‍ ക്ലാസ് വിഭാഗത്തിലെ ബസുകളില്‍ നിറുത്തിക്കൊണ്ടു പോകാന്‍ കഴിയില്ല. ഈ വ്യവസ്ഥ പാലിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ബാദ്ധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. 

സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ ബസുകളില്‍ ഈടാക്കുന്ന ഉയര്‍ന്ന യാത്രാ നിരക്ക് റദ്ദാക്കണം, സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ യാത്രക്കാരെ നിറുത്തി കൊണ്ടുപോകരുത് എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ഫാസ്റ്റ് പാസഞ്ചറിനും ഈ വ്യവസ്ഥ ബാധകമാണ്. സൂപ്പര്‍ ക്ലാസ് ബസുകളില്‍ യാത്രാനിരക്ക് സാമ്പത്തിക പഠനം നടത്താതെ കൂട്ടിയിട്ടുണ്ട്. ഇതു നിയമവിരുദ്ധമാണ്. യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. യാത്രാക്കൂലി കൂടുകയും യാത്രക്കാരെ നിറുത്തിക്കൊണ്ടു പോവുകയും ചെയ്യുന്നത് കെഎസ്ആര്‍ടിസിക്ക് ലാഭമുണ്ടാക്കാനുള്ള തന്ത്രമായി മാറി. ഓര്‍ഡിനറി സര്‍വീസുകളേക്കാള്‍ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ബസുകളുടെ ചെലവ് കുറവാണെന്ന് പഠന റിപ്പോര്‍ട്ടുണ്ട്. ഇതവഗണിച്ചാണ് നിരക്ക് കൂട്ടിയതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.