ഇനി നിയമസഭയിലേക്ക് എംഎല്‍എമാര്‍ക്ക് പറന്നിറങ്ങാം

Tuesday 27 March 2018 5:21 pm IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍  എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കാന്‍  പ്രതിവര്‍ഷം 50,000 രൂപ. ഈ   ഭേദഗതിയോടെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും  ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുദ്ദേശിക്കുന്ന 2018 ലെ ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി) ബില്‍, 2018 ലെ കേരള നിയമസഭാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ (ഭേദഗതി) ബില്‍ എന്നിവ നിയമസഭ പാസാക്കി.  പുതുക്കിയ ആനുകൂല്യങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ ലഭിക്കും.    നേരത്തെ സാമാജികര്‍ക്ക് നിയമസഭ സമിതി യോഗങ്ങളില്‍  പങ്കെടുക്കുന്നതിനു മാത്രമായിരുന്നു വിമാനയാത്രാക്കൂലി. 

എംഎല്‍എ പദവിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷന്‍ 10,000 രൂപയില്‍ നിന്നും 20,000 ആക്കി.  രണ്ടുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക്  8,000 രൂപയും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്  12,000 രൂപയും നാല് വര്‍ഷം പദവിയില്‍ തുടര്‍ന്നവര്‍ക്ക് 16,000 രൂപയും പെന്‍ഷന്‍ ലഭിക്കും.  ഇവരുടെ കൂപ്പണ്‍ തുക 75,000 രൂപയായി ഉയര്‍ത്തി. 

മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് തിരുവനന്തപുരം നഗരത്തിലും  എട്ട് കിലോമീറ്റര്‍ ചുറ്റളവിലും നടത്തുന്ന യാത്രകള്‍ക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയില്‍ നിന്ന് 17,000 രൂപയാവും. ഇവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹനവായ്പയും 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവനിര്‍മാണ വായ്പയും ലഭിക്കും. സംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത കിലോമീറ്ററിന് 10 രൂപയില്‍ നിന്ന് 15 ആക്കി. ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 50 പൈസയില്‍ നിന്ന് രണ്ട് രൂപയാക്കി.  ദിനബത്ത 750 രൂപയില്‍ നിന്ന് 1000 രൂപയാക്കി.

സംസ്ഥാനത്തിനകത്ത് വാഹനത്തില്‍ യാത്ര ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് കിലോമീറ്ററിന് നല്‍കുന്ന ബത്ത ഏഴ് രൂപയില്‍ നിന്ന് പത്ത് രൂപയാകും. ദിനബത്ത 750 രൂപ എന്നത് 1,000 രൂപയാക്കി. സ്ഥിരബത്തകള്‍ പ്രതിമാസം 1,000 രൂപയില്‍ നിന്ന് 2,000 രൂപയും നിയോജകമണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയില്‍ നിന്ന് 25,000 രൂപയുമാവും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയില്‍ നിന്ന് 20,000 രൂപയാകും. സംസ്ഥാനത്തിനകത്തും പുറത്തും ട്രെയിന്‍ യാത്രക്കുള്ള ബത്ത കിലോമീറ്ററിന് 50 പൈസയുള്ളത് ഒരു രൂപയാകും.

സംസ്ഥാനത്തിന് പുറത്തുള്ള ട്രെയിന്‍ യാത്രകള്‍ക്കുള്ള ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 25 പൈസയില്‍ നിന്ന് ഒരു രൂപയാകും. സംസ്ഥാനത്തിന് പുറത്തുള്ള റോഡ് യാത്രക്കുള്ള ബത്ത കിലോമീറ്ററിന് ആറു രൂപ എന്നത് പത്ത് രൂപയാകും. ടെലിഫോണ്‍ ബത്ത പ്രതിമാസം 7,500 രൂപയില്‍ നിന്ന് 11,000 രൂപയാകും. മന്ത്രിമാരുടെയും സ്പീക്കറുടെയും സാമാജികരുടെയും ശമ്പളത്തില്‍ അവസാനം വര്‍ധന വരുത്തിയത് 2012 ലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.