നഗരബജറ്റിന് അടിസ്ഥാനം കേന്ദ്ര പദ്ധതികള്‍

Wednesday 28 March 2018 1:00 am IST


ആലപ്പുഴ: ആലപ്പുഴ നഗരസഭാ ബജറ്റിന് അടിസ്ഥാനം കേന്ദ്ര പദ്ധതികളായ പിഎംഎവൈയും അമൃത് പദ്ധതിയും. 356.24 കോടി വരവും 342.90കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ബീന കൊച്ചുവാവ അവതരിപ്പിച്ചത്. പ്രൈംമിനിസ്റ്റര്‍ ആവാസ് യോജന പദ്ധതി പ്രകാരം മൂവായിരം കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീടുകളുടെ അറ്റകുറ്റപ്പണിക്ക് 1300 ഗുണഭോക്താക്കള്‍ക്കായി 40,000 രൂപ വീതം 5.20 കോടി രൂപ നീക്കവച്ചിട്ടുണ്ട്. പിഎംഎവൈ ഗുണഭോക്താക്കള്‍ക്കായി കമ്പിയും സിമന്റും മറ്റ് അസംസ്‌കൃത വസ്തുക്കളും ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാക്കും. വിശപ്പു നഗരം പദ്ധതിക്കായി നഗരസഭയുടെ രാത്രികാല വിശ്രമകേന്ദ്രത്തിന്റെ കെട്ടിടം സൗജന്യമായി നല്‍കും. ആശ്രയ പദ്ധതികള്‍ക്കായി 20ലക്ഷം നീക്കിവച്ചു. കരളകം പാടത്ത്  ട്രാക്ടര്‍ റോഡു നിര്‍മ്മിക്കാനായി 1.31 കോടി നീക്കിവച്ചു. അമൃത് പദ്ധതിയില്‍പ്പെടുത്തി നഗരത്തിലെ വിവിധ മേഖലകളില്‍ നാലു കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിക്കും. 33.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് അമൃത് പദ്ധതിയില്‍പ്പെടുത്തി 115 കോടി രൂപ ചെലവഴിക്കും. ആര്‍ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല നഗരസഭ ഏറ്റെടുക്കും. ജനറല്‍ ആശുപത്രിയില്‍ ഹോര്‍മോണ്‍ ഡിറ്റക്ഷന്‍ സെന്ററും നേത്രിചികിത്സയ്ക്കായി മൈക്രോസ്‌കോപ് വാങ്ങുന്നതിനുമായി 33 ലക്ഷവും ആശുപത്രി സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 76ലക്ഷവും വകയിരുത്തി. നഗരസഭാ ലൈബ്രറിയോടു ചേര്‍ന്ന് പട്ടിക വിഭാഗങ്ങള്‍ക്കായി പിഎസ്‌സി പരിശീലന കേന്ദ്രം തുടങ്ങും. ശ്രുതിതരംഗം എന്ന പേരില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെ തുടര്‍ പരിചരണത്തിനാവശ്യമായ സൗകര്യമൊരുക്കും. വഴിച്ചേരിയിലെ ആധുനിക അറവുശാല മാറ്റി സ്ഥാപിക്കും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.